
കണ്ണനല്ലൂര്‍(കൊല്ലം): നെടുമ്പന മുട്ടയ്ക്കാവില്‍ ഇതരസംസ്ഥാന തൊഴിലാളിയെ കഴുത്തറത്തശേഷം ജീവനോടെ ചെളിയില്‍ കുഴിച്ചിട്ട് കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ജല്‍പായ്ഗുഡി സ്വദേശി അനോവര്‍ ഇസ്ലാം മുഹമ്മദ് (24), കുച്ച്ബിഹര്‍ സ്വദേശി ബികാസ് സെന്‍ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ സുഹൃത്ത് പശ്ചിമ ബംഗാള്‍ സ്വദേശിയും മുട്ടയ്ക്കാവിലെ കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളിയുമായ അല്‍ത്താഫ്മിയ(29)യെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.
കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 17-ന് രാത്രി 11.30-നാണ് പ്രതികള്‍ അല്‍ത്താഫ്മിയയെ കൊലപ്പെടുത്തിയത്. മുട്ടയ്ക്കാവ് മുടീച്ചിറയിലെ ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് കഴുത്തറത്തശേഷം 300 മീറ്ററോളം താഴെയുള്ള ചതുപ്പില്‍ മരിക്കുന്നതിനുമുന്‍പ് കുഴിച്ചുമൂടുകയായിരുന്നു. വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്.





