മാനന്തവാടി: സ്വകാര്യ ബസിൽ കഞ്ചാവ് കടത്തിയ യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. വൈത്തിരി ചുണ്ടേൽ പുത്തൻപുരയ്ക്കൽ വീട്ടിൽ അരുൺ ആന്റണി (32) ആണ് പിടിയിലായത്. എക്സൈസ് കാട്ടിക്കുളം ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കർണാടക ഭാഗത്തുനിന്നും മാനന്തവാടിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് അരുണിനെ പിടികൂടിയത്. 250 ഗ്രാം കഞ്ചാവാണ് അരുൺ ആന്റണിയിൽ നിന്നും കണ്ടെടുത്തതെന്ന് എക്സൈസ് അറിയിച്ചു. ഇയാളെ തുടർനടപടിക്കായി മാനന്തവാടി എക്സൈസ് റേഞ്ച് ഓഫീസിൽ ഹാജരാക്കി. സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രന്റെ നേതൃത്വത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ എ.സി പ്രജീഷ്, എം.സി സനൂപ്, ഡ്രൈവർ കെ.കെ സജീവ് എന്നിവരായിരുന്നു പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.