പ്രണയിനിക്ക് 150 പവനും 15 ഏക്കറും വിലയിട്ട ഇയാളൊക്കെ ഒരു ഡോക്ടറാണോ, രോഗികളെ പിഴിയും മുന്‍പ് ബിരുദം തിരിച്ചുവാങ്ങണം

തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്‌നയുടെ മരണത്തില്‍ സോഷ്യല്‍ മീഡിയയിലെങ്ങും പ്രതിഷേധം ഉയരുകയാണ്. പ്രണയിച്ച പെണ്ണിനെ വിവാഹം ചെയ്യാന്‍ സ്ത്രീധനം ചോദിച്ച ഡോ റുവൈസ് മെഡിക്കല്‍ പിജി അസോസിയേഷന്‍ നേതാവായിരുന്നു.
കേസ് വന്നതോടെ ഇയാളെ സ്ഥാനത്തുനിന്നും മാറ്റി.
രണ്ടു വര്‍ഷത്തോളമായി ഷഹ്നയും റുവൈസും പ്രണയത്തിലായിരുന്നു. എന്നാല്‍, ഷഹ്നയെ വിവാഹം ചെയ്യാന്‍ 150 പവനും 15 ഏക്കറും ആഡംബര കാറുമാണ് റുവൈസും കുടുംബവും സ്ത്രീധനമായി ചോദിച്ചത്. ചോദിച്ചതിന്റെ ഒരു പങ്ക് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും മുഴുവന്‍ ലഭിക്കാത്തതോടെ റുവൈസ് പിന്മാറി. ഇതേത്തുടര്‍ന്നാണ് ഷഹ്ന ആത്മഹത്യ ചെയ്തതെന്ന് അവരുടെ അമ്മയും സഹോദരിയും പോലീസിന് മൊഴിനല്‍കിയിരുന്നു.
സംഭവം വിവാദമായതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് റുവൈസിനെ മെഡിക്കല്‍ പിജി അസോസിയേഷന്‍ നീക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഓര്‍ത്തോ വിഭാഗം പിജി വിദ്യാര്‍ത്ഥിയാണ് ഇയാള്‍. തങ്ങള്‍ ഡോ ഷഹ്‌നയ്ക്ക് ഒപ്പമാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താക്കുറിപ്പിറക്കി.
നേരത്തെ ഡോക്ടര്‍ വന്ദനയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തെരുവിലിറങ്ങി പ്രതിഷേധിച്ച് ഹീറോയായ വ്യക്തിയാണ് റുവൈസ്. യാതൊരു ധാര്‍മിക മൂല്യവുമില്ലാത്ത ഇത്തരത്തിലൊരാളാണ് മെഡിക്കല്‍ പിജി അസോസിയേഷന്‍ നേതാവായിരുന്നതെന്നത് ലജ്ജാകരമാണ്.
ഡോക്ടര്‍ റുവൈസിന്റെ ബിരുദം തന്നെ തിരിച്ചെടുക്കണമെന്നാണ് ചിലരുടെ ആവശ്യം. ഡോക്ടറായി രോഗികളെ ചികിത്സിച്ചാല്‍ അവരില്‍ നിന്നും കണക്കില്ലാത്ത പണമീടാക്കുമെന്ന് ഉറപ്പുള്ള ഇയാളെ പ്രാക്ടീസില്‍ നിന്നും വിലക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇരുവീട്ടുകാരുടേയും കടുത്ത എതിര്‍പ്പ് അവഗണിച്ചും പ്രണയിതാക്കള്‍ വിവാഹം ചെയ്യുന്ന നാട്ടിലാണ് പ്രണയിനിക്ക് 20 കോടിയോളം രൂപയുടെ വിലയിട്ടതെന്നതും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
ഷഹ്നയുടെ മരണത്തില്‍ റുവൈസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം ചോദിച്ചതില്‍ റുവൈസിന്റെ കുംടുംബത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ടെന്ന കാര്യങ്ങളും പോലീസ് അന്വേഷിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം പി.ജി. വിദ്യാര്‍ഥിനിയായ ഷഹ്നയെ തിങ്കളാഴ്ച രാത്രിയാണ് മെഡിക്കല്‍ കോളേജിനടുത്ത് താമസിച്ചിരുന്ന ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനം നല്‍കാന്‍ സാമ്ബത്തികശേഷിയില്ലാത്തതിനാല്‍ ജീവനൊടുക്കുന്നതായി രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തിയിരുന്നു.





