
കോഴിക്കോട്: സ്ത്രീയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ കേസിൽ ഒന്നാം പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി വീണ്ടും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. താനൂർ കുന്നുംപുറം സ്വദേശി സമദിനെയാണ് (52) കേസ് അന്വേഷിക്കുന്ന കസബ പൊലീസ് കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കോടതിയിൽ ഹാജരാക്കിയത്.
കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ തട്ടിക്കൊണ്ടുപോകാൻ രണ്ടാം പ്രതിയുമൊത്ത് ഗൂഢാലോചന നടത്തിയ തിരൂരിലെ ലോഡ്ജ്, സൈനബയുടെ മൃതദേഹം തള്ളിയ നാടുകാണി ചുരത്തിലെ ഭാഗം, പ്രതികൾ താമസിച്ച ഗൂഡല്ലൂരിലെ മുറി എന്നിവിടങ്ങളിലാണ് ഇയാളുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്. അതേസമയം രണ്ടാം പ്രതി ഗൂഡല്ലൂർ എല്ലാമല സ്വദേശി സുലൈമാനുമായുള്ള (40) തെളിവെടുപ്പ് പൊലീസ് തുടരുകയാണ്.





