Kozhikode

ചരക്കുലോറി കുടുങ്ങി ചുരത്തിൽ ഗതാഗതം മുടങ്ങി

Please complete the required fields.




താമരശ്ശേരി : മതിയായ ഇന്ധനമില്ലാതെയെത്തി ചുരംപാതയിൽ കുടുങ്ങുന്ന ചരക്കുവാഹനങ്ങൾ യാത്രികർക്ക് തലവേദന സൃഷ്ടിക്കുന്നു. ഹെവിഡ്യൂട്ടി ലോറികൾമുതൽ പതിനാലും പതിനാറും ചക്രമുള്ള വാഹനങ്ങൾവരെ ഇത്തരത്തിൽ ചുരംപാതയെ ഗതാഗതക്കുരുക്കിൽ അകപ്പെടുത്തുന്നു.

ബുധനാഴ്ച പുലർച്ചെ അഞ്ചുമണിയോടെ ചുരം എട്ടാം ഹെയർപിൻവളവിന് മുകളിൽ കുടുങ്ങിയ ലോറി കാരണം ചുരംപാതയിലുണ്ടായത് മണിക്കൂറുകൾനീണ്ട ഗതാഗതസ്തംഭനം. തൃശ്ശൂർ ഭാഗത്തുനിന്ന് ബെംഗളൂരുവിലേക്ക് മരത്തടി കയറ്റിപ്പോവുകയായിരുന്ന ടോറസ് ലോറിയാണ് ഡീസൽ തീർന്നതിനെത്തുടർന്ന് ചുരത്തിൽ നിന്നുപോയത്. വൈത്തിരിയിൽനിന്നും അടിവാരത്തുനിന്നും ഓട്ടോറിക്ഷയിൽ ഡീസലെത്തിച്ച് നിറച്ചെങ്കിലും യന്ത്രത്തകരാർകൂടി നേരിട്ടതോടെ വാഹനം നീങ്ങിയില്ല. തുടർന്ന് മെക്കാനിക്കിനെ വിളിച്ചുവരുത്തി യന്ത്രത്തകരാർ പരിഹരിച്ചശേഷമാണ് ലോറി റോഡിൽനിന്നു നീക്കിയത്.

അതുവരെ ഇരുചക്രവാഹനങ്ങളും കാറുകളും ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ മാത്രമാണ് ഒറ്റവരിയായി ഇതുവഴി കടന്നുപോയത്. ലോറി കുടുങ്ങിയതിന് എതിർവശത്ത് റോഡിന് വീതി കുറവായതിനാൽ ബസുകളും ലോറികളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ മൂന്നുമണിക്കൂറോളം ‌നിർത്തിയിടേണ്ടിവന്നു. രാവിലെ എട്ടുമണിയോടെ ലോറി മാറ്റിയെങ്കിലും ‌മൂന്നുമണിക്കൂറോളം കഴിഞ്ഞാണ് ചുരംപാത വഴിയുള്ള ഗതാഗതം പഴയനിലയിലായത്.

മുൻകാലങ്ങളിൽ ഇന്ധനം, എൻജിൻ സംവിധാനം, ചക്രം എന്നിവ ഡ്രൈവർമാർ പരിശോധിച്ച് ഉറപ്പിച്ചതിനുശേഷമായിരുന്നു ഹെവി വാഹനങ്ങൾ പന്ത്രണ്ട് കിലോമീറ്റർ ദൈർഘ്യമുള്ള ചുരംപാതയിലേക്ക് പ്രവേശിച്ചിരുന്നത്. എന്നാൽ, ഇന്ധനടാങ്കിന്റെ അവസ്ഥപോലും എന്തെന്നുനോക്കാതെയാണ് ചില ചരക്കുവാഹനങ്ങൾ ഇപ്പോൾ ചുരംപാത താണ്ടുന്നത്. ഇക്കഴിഞ്ഞ പത്താം തീയതി വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന പന്ത്രണ്ടുചക്ര ലോറി ഇന്ധനം തീർന്നതിനെത്തുടർന്ന് ആറാം വളവിനു സമീപം നിന്നുപോയതിനാൽ മണിക്കൂറുകൾനീണ്ട ഗതാഗതക്കുരുക്കായിരുന്നു അനുഭവപ്പെട്ടത്.

ജനുവരി 15-ന് ഇന്ധനം തീർന്ന് എട്ടാംവളവിൽ നിന്നുപോയ ചരക്കുലോറി കാരണം മൂന്നുമണിക്കൂർ നേരമാണ് ചുരത്തിൽ ഗതാഗതം മുടങ്ങിയത്. ആയിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ചുരംപാതയിലേക്ക് മതിയായ ഇന്ധനംപോലുമില്ലാതെ പ്രവേശിച്ച് ഗതാഗതക്കുരുക്കുവരുത്തുന്ന വലിയ വാഹനങ്ങൾക്ക് കനത്ത പിഴചുമത്തണമെന്നതാണ് യാത്രികരുടെയും നാട്ടുകാരുടെയും ആവശ്യം.

Related Articles

Leave a Reply

Back to top button