Malappuram

പ്രായപൂര്‍ത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി, ഡോക്ടറുടെ കുറിപ്പില്ലാതെ ഗർഭഛിദ്രത്തിന് മരുന്നുനൽകി അലസിപ്പിച്ചു; യുവാവ് പിടിയിൽ

Please complete the required fields.




മലപ്പുറം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുനല്‍കി അലസിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റില്‍. മലപ്പുറം മങ്ങാട്ടുപുലത്തെ കല്ലന്‍കുന്നന്‍ മുഹമ്മദ് ഫാരിഷ്(29)ആണ് മലപ്പുറം പോലീസിന്റെ പിടിയിലായത്.

ഡോക്ടറുടെ കുറിപ്പില്ലാതെ മലപ്പുറത്തെ ഒരു മെഡിക്കല്‍ഷോപ്പില്‍ നിന്ന് ഗര്‍ഭഛിദ്രത്തിനുള്ള മരുന്നുവാങ്ങി നല്‍കി ഗര്‍ഭം അലസിപ്പിച്ചു. ഈ കേസില്‍ ഇയാള്‍ കുറേക്കാലം ഒളിവിലായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ പി. വിഷ്ണു, സബ് ഇന്‍സ്പെക്ടര്‍ എസ്.കെ. പ്രിയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്നാണ് ഇയാള്‍ പിടിയിലായത്.വിവാഹിതനും നാലരവയസ്സുള്ള പെണ്‍കുട്ടിയുടെ പിതാവുമാണ് ഫാരിഷ്. നേരത്തേ വിദേശത്തായിരുന്നു. ലൈംഗികവൈകൃതമുള്ള ഇയാള്‍ ആഡംബര ബൈക്കുകളില്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു കറങ്ങും. പെണ്‍കുട്ടികളുടെ ശ്രദ്ധപിടിച്ചുപറ്റുകയും വശീകരിച്ച് ബൈക്കില്‍കയറ്റി കൊണ്ടുപോവുകയും ചെയ്യും. വൈകാതെ അവരെ മലപ്പുറത്തും കോഴിക്കോട്ടുമുള്ള വാടകമുറികളില്‍ കൊണ്ടുപോയി ലൈംഗികാതിക്രമത്തിനിരയാക്കും. ഇതിന്റെ പേരില്‍ പിന്നീട് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി സാമ്പത്തികത്തട്ടിപ്പ് നടത്തുകയാണ് പതിവ്.

അവിവാഹിതനാണെന്നുപറഞ്ഞാണ് പെണ്‍കുട്ടികളുമായി സൗഹൃദത്തിലാവുന്നത്. സമൂഹമാധ്യമങ്ങള്‍ വഴിയും ഒട്ടേറേ പെണ്‍കുട്ടികളെ പറ്റിച്ചിട്ടുള്ളതായി പോലീസ് പറയുന്നു. ഇത്തരത്തില്‍ ഒരു പെണ്‍കുട്ടിക്ക് കൂടുതല്‍ തട്ടിപ്പുനടത്തിയെന്ന സൂചന ലഭിച്ചതുപ്രകാരം മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മലപ്പുറം പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രത്യേക സംഘം രൂപവത്കരിച്ച് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിന്റെ വിവരമറിഞ്ഞ് കൂടുതല്‍ പേര്‍ പരാതിയുമായി സ്റ്റേഷനിലെത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. പരമാവധി പരാതികള്‍ ശേഖരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പ്രതിയെ മഞ്ചേരി ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button