കോഴിക്കോട് : ജില്ലയിൽ കച്ചവട സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കോർപ്പറേഷൻ പരിധിയിൽവരുന്ന കോഴിക്കടകളിൽ കളക്ടർ സ്നേഹിൽകുമാർ സിങ് മിന്നൽ പരിശോധന നടത്തി. നടക്കാവ് ഓർമ ചിക്കൻ സ്റ്റാളിലാണ് കളക്ടർ നേരിട്ട് പരിശോധന നടത്തിയത്. നേരത്തേ വൃത്തിഹീനമായ ചുറ്റുപാടിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം നിലവിലും യാതൊരു മാറ്റവും കൂടാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. പൊതു ഓടയിലേക്ക് മലിന ജലം ഒഴുക്കിവിടുന്നതും കോഴിമാലിന്യം അശ്രദ്ധയോടെ കൈകാര്യം ചെയ്തതിനെത്തുടർന്നും സ്ഥാപനത്തിന് 25,000 രൂപ പിഴ ചുമത്താൻ കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർക്ക് കളക്ടർ നിർദേശം നൽകി.
24 മണിക്കൂറിനകം ശുചിത്വം പാലിക്കുന്ന രീതിയിൽ കടയെ മാറ്റിയില്ലെങ്കിൽ കടപൂട്ടി സീൽ ചെയ്യുന്നതായിരിക്കുമെന്ന് കട ഉടമയെ കളക്ടർ നേരിട്ട് അറിയിച്ചു. കൂടാതെ മൂന്ന് കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് കാരിബാഗുകളും പിടിച്ചെടുത്തു. മറ്റു ചിക്കൻ കടകൾ, മത്സ്യക്കടകൾ എന്നിവ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് അംഗങ്ങളും കോർപ്പറേഷൻ ഹെൽത്ത് വിഭാഗവും പരിശോധിച്ചു. അപാകങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കച്ചവടസ്ഥാപനങ്ങളിലെ പൊതുശുചിത്വം, പരിസര ശുചിത്വം, മലിനജല സംസ്കരണ സംവിധാനം, അജൈവമാലിന്യ സംസ്കരണം, ജൈവമാലിന്യം കൈയൊഴിയുന്ന സംവിധാനം എന്നിവയാണ് കളക്ടറുടെ നേതൃത്വത്തിൽ പരിശോധിച്ചത്.
തദ്ദേശ സ്വയംഭരണവകുപ്പ് എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നേരത്തേ പരിശോധന നടത്തി അപാകങ്ങൾ കണ്ടെത്തിയ ചിക്കൻകടകളിലാണ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്. സ്ക്വാഡ് പ്രവർത്തനത്തിന് അസിസ്റ്റൻറ് ഡയറക്ടർ പൂജാലാൽ, ജൂനിയർ സൂപ്രണ്ടുമാരായ എ. അനിൽകുമാർ, പി.സി. മുജീബ്, കോർപ്പറേഷൻ ഹെൽത്ത് സൂപ്പർവൈസർ ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ ശശിധരൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.