കാസർകോട് : കാസർകോട് ബേക്കൽ പള്ളത്ത് ചായക്കട അടിച്ച് തകർത്തു. സമീപത്തെ ടർഫ് ഗ്രൗണ്ടിലെ ജീവനക്കാരൻ മുഹമ്മദ് ഇർഷാദാണ് ആക്രമണം നടത്തിയത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ബേക്കൽ പള്ളത്ത് ബ്രൗൺ കഫേ അടിച്ച് തകർക്കുന്നതിൻറെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. സമീപത്തെ ടർഫിലെ ജീവനക്കാരൻ പി എച്ച് മുഹമ്മദ് ഇർഷാദാണ് ഈ ആക്രമണം നടത്തുന്നത്.
ടർഫിനോട് ചേർന്നുള്ള ഗെയിം സെൻററിൽ ഇരുന്നതിൻറെ പേരിൽ യുവാവിനേയും ചോദിക്കാൻ ചെന്ന സുഹൃത്തുക്കളേയും ഇർഷാദ് നേരത്തെയും മർദ്ദിച്ചിരുന്നു. ഇതിൻറെ തുടർച്ചയായാണ് കടയിലെ ആക്രമണം. 85000 രൂപയുടെ നഷ്ടമുണ്ടായതായാണ് കടയുടമ പറയുന്നത്. വലിയ മരത്തടി കൊണ്ടായിരുന്നു അതിക്രമം. ഒന്നിച്ചിരുന്ന് ചായ കുടിക്കുന്ന സുഹൃത്താണ് ഇത്തരമൊരു അതിക്രമം ചെയ്തതെന്നാണ് കടയുടമ പി എ മൊയ്തീൻ കുഞ്ഞി പ്രതികരിക്കുന്നത്. ഓരോ നേരത്തും ആൾക്കാര് ഇങ്ങനെ എങ്ങനെയാണ് മാറുന്നത്.
ലഹരിയുപയോഗിച്ച് ഇങ്ങനെ ചെയ്യാമോയന്നാണ് കടയുടമ ചോദിക്കുന്നത്. എങ്ങനെയാണ് ഇവിടെ ജീവിക്കുക. നാളെ എന്തുചെയ്യുമെന്ന് അറിയില്ല പേടിച്ച് ജീവിക്കണോയെന്നാണ് മൊയ്തീൻ കുഞ്ഞിയുടെ ചോദ്യം. കടയുടമ പൊലീസിൽ പരാതി നൽകിയതോടെ ആക്രമണം നടത്തിയ 27 വയസുകാരനായ ഇർഷാദിനെ ബേക്കൽ പൊലീസ് അറസ്റ്റ് ചെയ്തു. പാക്യാര കുന്നിൽ സ്വദേശിയാണ് ഇയാൾ. കട ആക്രമിച്ചതിനും അതിക്രമിച്ച് കയറിയതിനും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.