
ഇന്ന് നവംബര്‍ 14- ശിശുദിനം. കുഞ്ഞുങ്ങളെ ജീവനുതുല്യം സ്‌നേഹിച്ച പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14നാണ് ഇന്ത്യയിൽ ശിശു ദിനം ആഘോഷിക്കുന്നത്. അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി , രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ വിവിധ തലങ്ങളില്‍ ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നിർണായക പങ്കുവഹിച്ച ആളായാണ് അദ്ദേഹത്തെ വിലയിരുത്തപ്പെടുന്നത്.
1964- ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. ജവഹര്‍ ലാല്‍ നെഹ്‌റുവിന്റെ മരണത്തിന് മുമ്പ്, നവംബര്‍ 20 – ന് ആയിരുന്നു ഇന്ത്യ ശിശുദിനം ആചരിച്ചിരുന്നത്. ഐക്യരാഷ്ട്രസഭ ലോക ശിശുദിനമായി ആചരിച്ച ദിവസമായിരുന്നു അത്. ചാച്ചാജിയുടെ വേഷമണിഞ്ഞും പനിനീര്‍പ്പൂ നെഞ്ചോടു ചേര്‍ത്തും രാജ്യത്ത് കുട്ടികൾ ശിശുദിനം ആചരിക്കുന്നു. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്‌റു എന്നും ഓർമ്മിക്കപ്പെടുന്നു.





