
കോഴിക്കോട്: വൺവേ തെറ്റിച്ചു യാത്ര ചെയ്ത സ്വകാര്യ ബസ് ഇടിച്ചു യുവാവിനു പരിക്ക്. സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ ബസ് തടഞ്ഞു. ഇതിനിടയിൽ ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജീവനക്കാരിൽ ഒരാളെ പിടികൂടി. ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണു അപകടം. പുതിയാപ്പ സ്വദേശി തയ്യിൽ ശ്യാംപ്രസാദ് (23) ആണ് പരിക്കേറ്റത്.
ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്നു കോഴിക്കോട്ടേക്കു വരുന്ന ‘അർഷിത’ ബസ് മാവൂർ റോഡ് ജംക്‌ഷൻ വഴി പോകുന്നതിനു പകരം പെർമിറ്റ് റൂട്ട് തെറ്റിച്ച് ക്രിസ്ത്യൻ കോളജ് ജംക്‌ഷനിൽ നിന്നും അശോകപുരം വഴി പുതിയ സ്റ്റാൻഡിലേക്ക് പോകുകയായിരുന്നു.
അശോകപുരം ജംക്‌ഷനിൽ ശ്മശാനം റോഡിലേക്കു തിരിയുന്നതിനിടയിലാണ് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനായ ശ്യാംപ്രസാദ് അപകടം ഉണ്ടായത്. അപകടത്തിൽ സ്കൂട്ടർ ബസ്സിനടിയിലായി. ഇറങ്ങി ഓടാൻ ശ്രമിച്ച ബസ് ജീവനക്കാരന് ആൾകൂട്ടത്തിനിടയിൽ നിന്നും പൊതിരെ തല്ലു കിട്ടി. വിവരമറിഞ്ഞെത്തിയ പൊലീസ് ജനങ്ങളെ മാറ്റി. ബസും സ്കൂട്ടറും കസ്റ്റഡിയിലെടുത്തു.





