
താമരശേരി: വെസ്റ്റ് കൈതപ്പൊയിലില്‍ ഡ്രൈവറെ മർദ്ദിച്ച് വാഹനം തട്ടിക്കൊണ്ടുപോയി പണം കവര്‍ന്ന കേസില്‍ രണ്ടുപേരെ താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം ചാക്കിയാവില് രാമചന്ദ്രന് എന്ന സ്വത്ത് രാമചന്ദ്രന് (34), ഒറ്റപ്പാലം പുന്നാടിയില്‍ ജംഷീര്‍ (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ 11ന് രാത്രി 12.30ന് വെസ്റ്റ് കൈതപ്പൊയിലില്‍ ബൊലേറോ പിക്അപ് വാന്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ വേങ്ങര സ്വദേശി ഷാഹിദിനെ മർദിച്ച് റോഡില്‍ തള്ളിയശേഷം ഇവര്‍ വാഹനവുമായി കടന്നുകളയുകയായിരുന്നു.
വാഹനത്തിന്റെ ഡാഷ് ബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന 65,000 രൂപ കവര്‍ന്നശേഷം വാഹനം കൊടുവള്ളിക്ക് സമീപം ഉപേക്ഷിച്ചു. താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നിർദേശപ്രകാരം താമരശ്ശേരി എസ്.ഐ വി.കെ. റസാഖ്, എ.എസ്.ഐമാരായ ടി. സജീവ്, എസ്. സുജാത്, സ്പെഷല്‍ സ്ക്വാഡ് അംഗങ്ങളായ എന്‍.എം. ജയരാജന്, പി.പി. ജിനീഷ് എന്നിവര്‍ ചേര്‍ന്ന് പാലക്കാട് ഒറ്റപ്പാലത്തുനിന്നാണ് ഇവരെ പിടികൂടിയത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.





