
ചാലക്കുടി: മലക്കപ്പാറ റൂട്ടില്‍ അമ്പലപ്പാറ ഭാഗത്ത് റോഡില്‍ ഉണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് അപകട സാധ്യത ഒഴിവാക്കാൻ ആവശ്യമായ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കലക്ടര്‍ വി.ആര്. കൃഷ്ണ തേജ നിര്‍ദേശം നല്കി. വാഴച്ചാൽ ഡി.എഫ്.ഒ, ചാലക്കുടി ഡിവൈ.എസ്.പി, കെ.ആര്.എഫ്.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ തുടങ്ങിയവര്‍ റോഡിലെ സുരക്ഷാ പ്രശ്നങ്ങള്‍ പരിശോധിച്ച് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണം.
ഈ റോഡ് ഉപയോഗിക്കുന്ന തദ്ദേശീയരുടെയും പ്രദേശവാസികളുടെയും യാത്രക്ക് തടസങ്ങള്‍ സൃഷ്ടിക്കാത്ത വിധത്തിലുള്ള നിയന്ത്രണങ്ങളും ക്രമീകരണങ്ങളും അതിരപ്പിള്ളി മലക്കപ്പാറ റോഡില്‍ ഏർപ്പെടുത്താൻ കലക്ടര്‍ നിര്‍ദേശം നൽകി. അപകട സാധ്യതയുള്ള സ്ഥലത്ത് സുരക്ഷ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാനും അടിയന്തര നടപടി കെ.ആര്.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയര്‍ സ്വീകരിക്കണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു.





