
ചങ്ങരംകുളം : ചങ്ങരംകുളം കെ.എസ്.ഇ.ബി ഓഫിസിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതായി പരാതി. കഴിഞ്ഞ വെള്ളിയാഴ്ച വനിത ജീവനക്കാരി ശുചിമുറിയിൽ പോയപ്പോഴാണ് ഒളിപ്പിച്ചുവെച്ച നിലയിൽ ക്യാമറ കണ്ടെത്തിയത്. ഉടൻ ജീവനക്കാരി ഓഫിസിലെ മേലധികാരികളെ അറിയിച്ചു. തുടർന്ന് യുവതിയുടെ ഭർത്താവ് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
ഓഫിസ് ജീവനക്കാരല്ലാതെ പുറത്തുനിന്നുള്ള ആരും ഈ ശുചിമുറി ഉപയോഗിക്കാറില്ല. കരാർ ജോലിക്കാരടക്കം 38 പേർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.
ഇവരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പരിശോധിച്ചുവരുകയുമാണ്. ഇതുവരെ സംശയകരമായി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. എങ്കിലും ശാസ്ത്രീയപരിശോധനകളും മറ്റും നടത്തിവരുകയാണ്. ക്യാമറ കണ്ടെത്തിയതിന് ഒരുദിവസം മുമ്പാണ് ഇത് സ്ഥാപിച്ചതെന്ന് പൊലീസ് പറയുന്നു. പുറത്തുനിന്ന് ആരെങ്കിലും ചെയ്തതാണോ എന്നും അന്വേഷിക്കുന്നുണ്ട്.





