പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേർക്ക് ഗുരുതര പരിക്ക്

അരീക്കോട്: എടവണ്ണ-കൊയിലാണ്ടി സംസ്ഥാനപാതയിലെ അരീക്കോട് തേക്കിൻചുവട്ടിൽ പിക്കപ്പ് വാനും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് ഗുരുതര പരിക്ക്. മഞ്ചേരി സ്വദേശികളായ മുഹമ്മദ് അഷ്റഫ് (45), സുലൈമാൻ (50), മൈമൂന (43) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം.
മുക്കം ഭാഗത്തുനിന്ന് വന്ന മിനിപിക്കപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. പ്രദേശവാസികൾ പരിക്കേറ്റവരെ അരീക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുവാഹനങ്ങളും മുക്കം ഭാഗത്തുനിന്ന് വരുകയായിരുന്നു. ഇതിനിടയിൽ കനത്തമഴയിൽ റോഡിൽനിന്ന് തെന്നി മാറിയാണ് അപകടം സംഭവിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഈ അപകടം നടന്ന സ്ഥലത്തിന് കുറച്ചുദൂരെ പത്തനാപുരം പാലത്തിന് അടുത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനപാതയുടെ നവീകരണം പൂർത്തിയായശേഷം വലിയ രീതിയിലുള്ള അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.





