Kozhikode

പേവിഷബാധ; ഓമശ്ശേരിയിൽ വളർത്തു മൃഗങ്ങൾക്കുള്ള വാക്സിനേഷൻ ക്യാമ്പുകൾ ആരംഭിച്ചു

Please complete the required fields.




ഓമശ്ശേരി: സമഗ്ര പേവിഷ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വെറ്ററിനറി ഡിസ്പെൻസറിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന വളർത്തു മൃഗങ്ങൾക്കുള്ള പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകൾക്ക്‌ തുടക്കം കുറിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി അബ്ദുൽ നാസർ വാക്സിനേഷൻ സർട്ടിഫിക്കറ്റ് വിതണം ചെയ്ത്‌ പഞ്ചായത്ത്‌ തല ഉദ്ഘാടനം നിർവഹിച്ചു. കൊളത്തക്കര ശിശുമന്ദിര പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സൈനുദ്ദീൻ, വെറ്ററിനറി സർജൻ ഡോ.കെ.വി ജയശ്രീ,ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ശ്രീജ തുടങ്ങിയവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി 5 ക്യാമ്പുകളാണ് നടക്കുന്നത്. ചുണ്ടക്കുന്ന്, വെണ്ണക്കോട്‌, കൊളത്തക്കര പ്രദേശങ്ങളിലെ ക്യാമ്പുകൾ ഇതിനകം പൂർത്തീകരിച്ചു. നാളെ മുടൂർ സബ്‌ സെന്ററിലും ശനിയാഴ്ച്ച ചക്കിക്കാവിലും ക്യാമ്പുകൾ നടക്കും. രാവിലെ 10 മണി മുതൽ 12 മണി വരേയാണ്‌ ക്യാമ്പുകൾ. പഞ്ചായത്ത്‌ പരിധിയിലെ താമസക്കാർ വളർത്തുന്ന നായ, പൂച്ച എന്നീ മൃഗങ്ങൾക്കാണ്‌ വാക്സിനേഷൻ നൽകുന്നത്‌. 45 രൂപയാണ്‌ വാക്സിനേഷൻ ഫീസ്‌. വാക്സിൻ ചെയ്തവർക്ക്‌ ക്യാമ്പുകളിൽ വെച്ച്‌ തന്നെ സർട്ടിഫിക്കറ്റുകളും നൽകുന്നുണ്ട്‌. വാക്സിനേഷൻ സർട്ടിഫിക്കറ്റ് പഞ്ചായത്ത്‌ ഓഫീസിൽ സമർപ്പിച്ച്‌ നായ്ക്കൾക്ക് ലൈസൻസ് എടുക്കണമെന്നും ലൈസൻസ് ഇല്ലാതെ നായ്ക്കളെ വളർത്തുന്നത് ശിക്ഷാർഹമാണെന്നും പഞ്ചായത്തധികൃതർ അറിയിച്ചു. പഞ്ചായത്തിൽ തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ കുത്തിവെപ്പും പുരോഗമിക്കുന്നുണ്ട്‌.

Related Articles

Back to top button