ഷാരോൺ രാജ് കേസ്; ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിൽ മെൻസ് അസോസിയേഷൻ ഇന്ന് കോലം കത്തിച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം : പാറശാല സ്വദേശി ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിൽ പ്രതിഷേധത്തിന് ഓൾ മെൻസ് അസോസിയേഷൻ (എകെഎംഎ). ബുധനാഴ്ച സെക്രട്ടേറിയറ്റിനു മുന്നിൽ കോലം കത്തിച്ച് പ്രതിഷേധിക്കും. ഷാരോണിന്റെ പിതാവ് ജയരാജ് ഗ്രീഷ്മയുടെയും, എകെഎംഎ സംസ്ഥാന പ്രസിഡന്റ് വട്ടിയൂർകാവ് അജിത്ത് കുമാർ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെയും കോലം കത്തിച്ച് പ്രതിഷേധിക്കുമെന്ന് എകെഎംഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രതി അന്വേഷണവുമായി സഹകരിച്ചിരുന്നുവെന്നും സമൂഹത്തിന്റെ വികാരം കണക്കിലെടുത്ത് പ്രതിക്കു ജാമ്യത്തിനുള്ള അവകാശം നിഷേധിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ഗ്രീഷ്മയ്ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പ്രതിക്കു ക്രിമിനൽ പശ്ചാത്തലമില്ല.
വെറും 22 വയസ്സു മാത്രമാണു പ്രായം. വിചാരണയിൽ ഇടപെടുമെന്നോ ഒളിവിൽ പോകുമെന്നോ ആശങ്കയ്ക്ക് ഇടയില്ല. 2022 ഒക്ടോബർ 31 മുതൽ കസ്റ്റഡിയിലാണെന്നതും വിലയിരുത്തിയാണു കോടതി ജാമ്യം അനുവദിച്ചത്. പ്രോസിക്യൂഷൻ ജാമ്യഹർജിയെ എതിർത്തിരുന്നു. പ്രണയബന്ധത്തിൽ നിന്നു പിന്മാറാൻ വിസമ്മതിച്ചതിനെ തുടർന്നു,
കാമുകനായ ഷാരോൺ രാജിനെ 2022 ഒക്ടോബർ 14നു രാവിലെ പത്തരയോടെ വീട്ടിൽ വിളിച്ചു വരുത്തി കഷായത്തിൽ കളനാശിനി കലർത്തി നൽകിയെന്നാണു കേസ്. തുടർന്നു ഗുരുതരാവസ്ഥയിലായ ഷാരോൺ 2022 ഒക്ടോബർ 25നു തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. തെളിവുനശിപ്പിക്കാൻ ശ്രമിച്ചതിന് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തിരുന്നു.





