Sports

IPL 2021, CSK vs KKR: തകര്‍ത്തടിച്ച്‌ ജഡേജ; അവസാന പന്തില്‍ ജയം നേടി ചെന്നൈ; വീണ്ടും പോയിന്റ് നിലയില്‍ ഒന്നാമത്

Please complete the required fields.




അബുദാബി: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മത്സരത്തില്‍ കൊല്‍ക്കത്തയെ രണ്ട് വിക്കറ്റിന് പരാജയപ്പെടുത്തി ചെന്നൈ.

കൊല്‍ക്കത്ത ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടി.

ഞായറാഴ്ചത്തെ മത്സരത്തില്‍ ഒരു ബോള്‍ മാത്രം ബാക്കിനില്‍ക്കെ കൊല്‍ക്കത്തയുടെ 171 റണ്‍സിനൊപ്പമെത്തിയ ചെന്നൈ അവസാന പന്തില്‍ ദീപക് ചാഹര്‍ നേടിയ ആദ്യ റണ്ണിലൂടെ വിജയം നേടുകയായിരുന്നു. 19.5 ഓവറില്‍ രവീന്ദ്ര ജഡേജ പുറത്തായപ്പോള്‍ മത്സരത്തിലെ അവസാന പന്ത് നേരിടാന്‍ ഇറങ്ങിയ ദിപക് ചാഹര്‍ വിജയിക്കാന്‍ വേണ്ട ഒരു റണ്‍ നേടുകയായിരുന്നു.

അവസാന ഓവറുകളിലെ ജഡേജയുടെ പ്രകടനം ചെന്നെയെ വിജയത്തിലെത്തിക്കന്‍ സഹായിച്ചു. 19.5 ഓവര്‍ വരെ തുടര്‍ന്ന രവീന്ദ്ര ജഡേജ എട്ട് പന്തില്‍ നിന്ന് രണ്ട് ഫോറും രണ്ട് സിക്സറും അടക്കം 22 റണ്‍സുമെടുത്താണ് പുറത്തായത്.

ചെന്നൈക്ക് വേണ്ടി ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്ക്വാദ് 28 പന്തില്‍നിന്ന് രണ്ട് ഫോറും മൂന്ന് സിക്സും അടക്കം 40 റണ്‍സും ഫാഫ് ഡുപ്ലെസിസ് 30 പന്തില്‍ നിന്ന് ഏഴ് ഫോറടക്കം 43 റണ്‍സും നേടി. മോയീന്‍ അലി 28 പന്തില്‍ നിന്ന് 32 റണ്‍സെടുത്തു. അമ്ബട്ടി റായുഡു ഒമ്ബത് പന്തില്‍നിന്ന് പത്ത് റണ്‍സും സുരേഷ് റെയ്ന ഏഴ് പന്തില്‍ നിന്ന് 11 റണ്‍സും നേടി. നായകന്‍ എംഎസ് ധോണി നാല് പന്തില്‍ നിന്ന് ഒരു റണ്‍ മാത്രം നേടി പുറത്തായി. സാം കറണ്‍ നാല് റണ്‍സെടുത്ത് പുറത്തായി. ഷര്‍ദുല്‍ ഠാക്കൂര്‍ മൂന്ന് റണ്‍സും നേടി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി സുനില്‍ നരൈന്‍ മൂന്ന് വിക്കറ്റെടുത്തു. ആന്ദ്രെ റസ്സല്‍, പ്രസിദ്ധ് കൃഷ്ണ, ലോക്കി ഫെര്‍ഗൂസന്‍, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് നേടിയത്. അവസാന ഓവറുകളിലെ കാര്‍ത്തിക്കിന്റെയും റാണയുടെയും വെടിക്കെട്ടാണ് കൊല്‍ക്കത്തയ്ക്ക് മികച്ച സ്കോര്‍ സമ്മാനിച്ചത്.

ആദ്യ ഓവറില്‍ തന്നെ രണ്ട് ഫോറുകളുമായി ശുഭ്മാന്‍ ഗില്‍ നന്നായി തുടങ്ങിയെങ്കിലും ആ ഓവറിന്റെ അവസാന പന്തില്‍ റണ്‍ഔട്ടായി. അഞ്ച് പന്തില്‍ ഒമ്ബത് റണ്‍സായിരുന്നു സമ്ബാദ്യം. പിന്നീട് കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ വെങ്കടേഷ് അയ്യരും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് ഇന്നിംഗ്സ് പതിയെ മുന്നോട്ട് കൊടുപോയെങ്കിലും 15 പന്തില്‍ 18 റണ്‍സുമായി താക്കൂറിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച്‌ നല്‍കി അയ്യര്‍ മടങ്ങി.

ക്യാപ്റ്റന്‍ മോര്‍ഗനും നിലയുറപ്പിക്കാനാവാതെ 14 പന്തില്‍ എട്ട് റണ്‍സുമായി മടങ്ങി. രണ്ട് ഓവറുകള്‍ക്ക് അപ്പുറം നന്നായി കളിച്ചുകൊണ്ടിരുന്ന രാഹുല്‍ ത്രിപാഠിയും വീണു. 33 പന്തില്‍ 45 റണ്‍സെടുത്ത ത്രിപാഠിയുടെ കുറ്റി ജഡേജ തെറുപ്പികയുകയായിരിന്നു. അതിനു ശേഷം വെടിക്കെട്ടുമായി കളം നിറഞ്ഞ ആന്ദ്രേ റസലും മടങ്ങി. 15 പന്തില്‍ 20 റണ്‍സാണ് റസല്‍ നേടിയത്.

അതിനു ശേഷമായിരുന്നു റാണയുടെയും കാര്‍ത്തിക്കിന്റെയും വെടിക്കെട്ട്. ദിനേശ് കാര്‍ത്തിക് 11 പന്തില്‍ 26 റണ്‍സ് നേടി അവസാന ഓവറില്‍ പുറത്തായപ്പോള്‍ നിതീഷ് റാണ 27 പന്തില്‍ 37 റണ്‍സു നേടി പുറത്താകാതെ നിന്നു.

ചെന്നൈക്കായി ജോഷ് ഹാസെല്‍വുഡ്, ശാര്‍ദൂല്‍ താക്കൂര്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ജഡേജ ഒരു വിക്കറ്റും നേടി.

വിജയത്തോടെ ഐപിഎല്‍ പോയിന്റ് നിലയില്‍ ചെന്നൈ ഒന്നാമതെത്തി. 10 മത്സരങ്ങളില്‍ നിന്ന് എട്ട് ജയവും രണ്ട് തോല്‍വിയുമായി 14 പോയിന്റാണ് ചെന്നൈക്ക്. ഇതേ പോയിന്റുള്ള ഡല്‍ഹിയാണ് രണ്ടാമത്. നാല് ജയവും ആറ് തോല്‍വിയുമായി എട്ട് പോയിന്റോടെ നാലാമതാണ് കെകെആര്‍.

Related Articles

Leave a Reply

Back to top button