Sports

പത്തിൽ പത്തുമായി അജാസ് പട്ടേൽ; ഇന്ത്യ 325 റൺസിന് എല്ലാവരും പുറത്ത്

Please complete the required fields.




ന്യൂസീലൻഡിനെതിരായ രണ്ടാം ടെസ്റ്റിൻ്റെ ആദ്യ ഇന്നിംഗ്സിൽ ഇന്ത്യ 325 റൺസിന് എല്ലാവരും പുറത്ത്. 150 റൺസെടുത്ത മായങ്ക് അഗർവാളാണ് ഇന്ത്യൻ ടോപ്പ് സ്കോറർ. അക്സർ പട്ടേൽ (52), ശുഭ്മൻ ഗിൽ (44) എന്നിവരും ഇന്ത്യക്ക് വേണ്ടി തിളങ്ങി. ഇന്ത്യയുടെ വിക്കറ്റുകളെല്ലാം വീഴ്ത്തിയത് ഇന്ത്യൻ വംശജൻ അജാസ് പട്ടേലാണ്. ഇതോടെ ഇംഗ്ലണ്ട് താരം ജിം ലേക്കറിനും ഇന്ത്യൻ താരം അനിൽ കുംബ്ലെയ്ക്കും ശേഷം ഒരു ഇന്നിംഗ്സിൽ 10 വിക്കറ്റ് വീഴ്ത്തുന്ന താരമായി അജാസ് മാറി.

മികച്ച തുടക്കമാണ് മായങ്ക് അഗർവാളും ശുഭ്മൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 80 റൺസിൻ്റെ കൂട്ടുകെട്ടുയർത്തി. കെയിൽ ജമീസണും ടിം സൗത്തിയും ചേർന്ന പേസ് സഖ്യത്തെ ഫലപ്രദമായി നേരിട്ട ഇന്ത്യൻ ഓപ്പണർമാർ ഇടക്കിടെ ബൗണ്ടറി ഷോട്ടുകളും കണ്ടെത്തി. സ്പിന്നർമാർ പന്തെടുത്തതോടെ റൺ റേറ്റ് കുറഞ്ഞു. ഏറെ വൈകാതെ കൂട്ടുകെട്ട് തകരുകയും ചെയ്തു. ഗില്ലിനെ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ച അജാസ് ന്യൂസീലൻഡിന് ആദ്യ ബ്രേക്ക് ത്രൂ നൽകി. തൻ്റെ അടുത്ത ഓവറിൽ പൂജാരയെയും കോലിയെയും പൂജ്യത്തിനു പുറത്താക്കിയ അജാസ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. മൂന്ന് ഓവറുകൾക്കിടയിൽ വിക്കറ്റ് നഷ്ടമില്ലാതെ 80 റൺസ് എന്ന നിലയിൽ നിന്ന് 3 വിക്കറ്റ് നഷ്ടത്തിൽ 80 റൺസ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി.

നാലാം വിക്കറ്റിൽ മായങ്ക് അഗർവാളിനു കൂട്ടായി ശ്രേയാസ് അയ്യർ എത്തിയതോടെ ഇന്ത്യ വീണ്ടും മത്സരത്തിലേക്ക് തിരികെയെത്തി. ചായയ്ക്ക് മുൻപുള്ള അവസാന ഓവറിൽ ഒരു ബൗണ്ടറിയിലൂടെ തൻ്റെ അഞ്ചാം ടെസ്റ്റ് ഫിഫ്റ്റി മായങ്ക് കുറിച്ചു. കൃത്യം 80 റൺസിൻ്റെ കൂട്ടുകെട്ടിനൊടുവിൽ ശ്രേയാസ് മടങ്ങി. 18 റൺസെടുത്ത താരത്തെ അജാസ് പട്ടേൽ ടോം ബ്ലണ്ടലിൻ്റെ കൈകളിൽ എത്തിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ ക്രീസിലെത്തിയ വൃദ്ധിമാൻ സാഹയും ക്രീസിൽ ഉറച്ചു. മായങ്കിന് ഉറച്ച പിന്തുണ നൽകിയ താരം ഇന്ത്യയെ തകർച്ചയിലേക്ക് കൂപ്പുകുത്താതെ സംരക്ഷിച്ചു. ഫിഫ്റ്റിക്ക് പിന്നാലെ കൂടുതൽ ബൗണ്ടറികൾ കണ്ടെത്തിയ മായങ്ക് കൂടുതൽ ആക്രമണോത്സുക ബാറ്റിംഗാണ് കാഴ്ചവച്ചത്. ഡാരിൽ മിച്ചലിനെ ബൗണ്ടറിയടിച്ച് അഗർവാൾ തൻ്റെ നാലാം ടെസ്റ്റ് സെഞ്ചുറി തികച്ചു.

4 വിക്കറ്റ് നഷ്ടത്തിൽ 221 റൺസെന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം കളി ആരംഭിച്ചത്. 3 റൺസ് കൂടി കൂട്ടിച്ചേർക്കുമ്പോഴേക്കും സാഹ (27) മടങ്ങി. 64 റൺസിൻ്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടിനു ശേഷമാണ് താരം മടങ്ങിയത്. അടുത്ത പന്തിൽ അശ്വിനും (0) പുറത്ത്. സാഹ വിക്കറ്റിനു മുന്നിൽ കുരുങ്ങിയപ്പോൾ അശ്വിൻ ക്ലീൻ ബൗൾഡായി. ഏഴാം വിക്കറ്റിൽ മായങ്കിനൊപ്പം അക്സർ പട്ടേൽ ക്രീസിൽ ഉറച്ചു. ആക്രമണോത്സുക ബാറ്റിംഗ് കാഴ്ച വച്ച മായങ്ക് 150 റൺസെടുത്തയുടൻ പുറത്തായി. അക്സറിനൊപ്പം ഏഴാം വിക്കറ്റിൽ 67 റൺസാണ് മായങ്ക് കൂട്ടിച്ചേർത്തത്. മായങ്കിനെ ടോം ബ്ലണ്ടൽ പിടികൂടി. മായങ്ക് പുറത്തായതിനു ശേഷം ജയന്ത് യാദവിനെ കൂട്ടുപിടിച്ച അക്സർ പട്ടേൽ ടെസ്റ്റ് കരിയറിലെ തൻ്റെ ആദ്യ ഫിഫ്റ്റി തികച്ചു. പിന്നാലെ, 52 റൺസെടുത്ത താരം വിക്കറ്റിനു മുന്നിൽ കുരുങ്ങി. ജയന്ത് യാദവ് (12) രചിൻ രവീന്ദ്രയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. രചിൻ രവീന്ദ്രയുടെ കയ്യിൽ തന്നെ അവസാനിച്ച സിറാജ് അജാസിൻ്റെ 10ആം വിക്കറ്റായി മടങ്ങി.

Related Articles

Leave a Reply

Back to top button