
പേരാമ്പ്ര: കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി ഷിനോയി അടയ്ക്കാപ്പാറയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാഹനത്തിനു നേരെ കായണ്ണയിൽ അതിക്രമം. വാഹനത്തിന്റെ സൈഡ് മിറർ അടിച്ചു തകർത്തു. ഡ്രൈവറെ കയ്യേറ്റം ചെയ്യുകയും മൈക്ക് സെറ്റും ജനറേറ്ററും കേടു വരുത്തുകയും ചെയ്തു. സിപിഎം പ്രവർത്തകരാണ് അക്രമണത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.
കഴിഞ്ഞ ദിവസം കായണ്ണയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ചിരുന്ന യുഡിഎഫ് സ്ഥാനാർഥിയുടെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചിരുന്നു. കായണ്ണയിലും സമീപ പഞ്ചായത്തുകളിലും സ്ഥാനാർഥിക്ക് ലഭിക്കുന്ന സ്വീകരണങ്ങളിലും വിജയ സാധ്യതയിലും സിപിഎമ്മിനു വിറളി പിടിച്ചതാണ് ഇത്തരം അക്രമ പ്രവർത്തനങ്ങൾക്ക് കാരണമെന്നും ജനങ്ങൾ ഇത് തിരിച്ചറിയുമെന്നും യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ സത്യൻ കടിയങ്ങാട്,നേതാക്കളായ കല്ലൂർ മുഹമ്മദ് അലി, ബാബു തത്തക്കാടൻ, ടി.പി. ചന്ദ്രൻ, രാജീവ് തോമസ്, സുരേഷ് വാളൂർ, വാസു വേങ്ങേരി തുടങ്ങിയവർ ചൂണ്ടിക്കാട്ടി. അക്രമണത്തിനെതിരേ പേരാമ്പ്ര പോലീസിൽ പരാതി നൽകി.
അക്രമത്തെ തുടർന്ന് യുഡിഎഫ് കായണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടി നടത്തി. യുഡിഎഫ് ചെയർമാൻ പി.പി. ശ്രീധരൻ, കൺവീനർ സലാം, എം. ഋഷികേശൻ, പൊയിൽ വിജയൻ, പി.സി. ബഷീർ, പി.സി. അസൈനാർ, വി.സി. ഗിരീഷ് കുമാർ, സി. കെ. ബിജു എന്നിവർ നേതൃത്വം നൽകി.





