ആശങ്കയിലാക്കി ആകാശയാത്ര; കൊച്ചിയിൽ നിന്ന് പറന്നുയർന്ന ഇൻഡിഗോ വിമാനം 2 മണിക്കൂറിന് ശേഷം തിരിച്ചിറക്കി

കൊച്ചി: കൊച്ചിയിൽ നിന്നും അബുദാബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. വെള്ളിയാഴ്ച രാത്രി 11.10-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും പുറപ്പെട്ട ഇൻഡിഗോ 6E-1403 വിമാനമാണ് രണ്ട് മണിക്കൂറിന് ശേഷം തിരിച്ചിറക്കിയത്. വിമാനത്തിൽ 180 യാത്രക്കാരും ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്.
യാത്ര പുറപ്പെട്ട് ഏകദേശം രണ്ട് മണിക്കൂറിലേറെ സഞ്ചരിച്ച ശേഷം രാത്രി 1:44നാണ് കൊച്ചിയിൽ സുരക്ഷിതമായി തിരിച്ചിറക്കിയത്. സംഭവത്തിൽ ഇൻഡിഗോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പിന്നീട് ഇൻഡിഗോ യാത്രക്കാർക്ക് മറ്റൊരു വിമാനം സജ്ജീകരിച്ചു. ഈ വിമാനം വെളുപ്പിന് 3:30ന് യാത്രക്കാരുമായി അബൂദബിയിലേക്ക് പുറപ്പെട്ടു.കൊച്ചിയിൽ നിന്നും അബൂദബിയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6E-1403 പാതിവഴിയിൽ യാത്ര റദ്ദാക്കി തിരിച്ചിറക്കിയ വിവരം വിമാനം ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റായ Flightradar24.com സ്ഥിരീകരിച്ചു. മറ്റൊരു ക്രൂ സംഘവുമായാണ് പകരം സജ്ജീകരിച്ച വിമാനം അബൂദബിലേക്ക് യാത്ര തിരിച്ചത്.





