
കോഴിക്കോട്: നഗരത്തിൽ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. പുറക്കാട്ടിരി പാലോറമല സ്വദേശി ലളിതാലയത്തിൽ ഷാജിയുടെ മകൻ മണികണ്ഠൻ (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പുറക്കാട്ടിരി പാലോറമല സ്വദേശി ചുനയിൽ സുധീഷിന്റെ മകൻ നിധിനാണ് പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കണ്ണൂർ റോഡിൽ വെസ്റ്റ്ഹിൽ സെന്റ് മൈക്കിൾസ് സ്കൂളിന് സമീപം വ്യാഴാഴ്ച രാവിലെ ഒമ്പതോടെയാണ് അപകടം. കോഴിക്കോടുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ബസും എതിർ ദിശയിൽ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബൈക്ക് പൂർണ്ണമായും ബസിനടിയിലായി. ഗുരുതര പരിക്കേറ്റ മണികണ്ഠൻ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. നടക്കാവ് പൊലീസ് കേസെടുത്തു.





