കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺ ഫിറ്റെന്ന് റിപ്പോർട്ട്; അപകടത്തിൽ കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 16 കെട്ടിടങ്ങള്‍ അൺഫിറ്റെന്ന് റിപ്പോർട്ട്. വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കല്‍ കോളേജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളാണ് അൺഫിറ്റ്. കോര്‍പ്പറേഷന്‍ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയത്.
2024 ലാണ് വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകള്‍ പുനര്‍ലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്. എന്നാല്‍ ഇതുൾപ്പെടെ 16 കെട്ടിടങ്ങൾ അണ്‍ ഫിറ്റാണെന്നായിരുന്നു എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട്.
എന്നാൽ റിപ്പോര്‍ട്ടിന് കോര്‍പ്പറേഷന്‍ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയും കൗണ്‍സില്‍ യോഗവും അംഗീകാരം നല്‍കിയില്ല. കച്ചവടക്കാരെ ഒരുമിച്ച് ഒഴിപ്പിച്ചു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് പ്രായോഗിക തടസ്സമുണ്ടാകുമെന്ന വാദവുമാണ് കോർപ്പറേഷൻ നടത്തിയത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലെ ഒരു കടകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കിയിട്ടില്ലെന്ന് കോര്‍പ്പറേഷന്‍ പറയുന്നു. അതേസമയം, അൺഫിറ്റ് എന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽ കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തും.
അതേസമയം കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് നാലുപേർ മരിച്ച സംഭവത്തിൽ കോര്‍പറേഷന്‍റെ ആഭ്യന്തര അന്വേഷണം ഇന്ന് ആരംഭിക്കും. എൻജിനീയറിങ് വിഭാഗത്തിന്‍റെ പരിശോധനയാണ് ആരംഭിക്കുക. കാലപ്പഴക്കത്താൽ പൊളിക്കാൻ തീരുമാനിച്ച കെട്ടിടത്തിന്‍റെ ഭാഗമാണ് തകർന്നു വീണത്. സംഭവത്തിൽ കോഴിക്കോട് ടൗൺ പൊലീസിന്‍റെ അന്വേഷണവും തുടരുകയാണ്.
അപകടത്തിൽ മരിച്ച അത്തോളി സ്വദേശികളായ ബഷീറിന്റെയും അഷ്റഫിന്റെയും ഖബറടക്കം ഇന്ന് നടക്കും. ഇവരോടുള്ള ആദരസൂചകമായി ഇന്ന് അത്തോളിയിലെ കടകൾ അടച്ച് ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി വ്യക്തമാക്കി. അപകടവുമായി ബന്ധപ്പെട്ട് വിശദീകരിക്കുന്നതിന് മേയർ ഒ.സദാശിവം രാവിലെ 9.30ന് മാധ്യമങ്ങളെ കാണും.
ഇന്നലെയാണ് കോർപറേഷന്റെ ഉടമസ്ഥതയിലുള്ള 60 വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിന്‍റെ സൺ ഷെയ്ഡ് തകർന്ന് വീണത്. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തിട്ടുണ്ട്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.





