
ഇംഫാല്‍: മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപെട്ട രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. ഹിരാദാസ് (32) എന്നയാളാണ് തൗബലിൽ നിന്ന് പിടിയിലായത്. വൈറലായ വീഡിയോയുടെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തു എന്ന് മണിപ്പൂർ പൊലീസ് അറിയിച്ചു. രണ്ടര മാസം മുൻപ് നടന്ന സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അക്രമികളെ പിടികൂടാൻ പൊലീസ് ഏഴ് സംഘങ്ങളെ നിയോഗിച്ചിരുന്നു.
സംഭവത്തിൽ കുറ്റക്കാരായ എല്ലാവർക്കുമെതിരെ കർശന നടപടിയെടുക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങ് ഉറപ്പുനൽകി. സംഭവത്തിൽ സമഗ്ര അന്വേഷണം നടക്കുമെന്നും കർശന നടപടി ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഇത്തരം ക്രൂരകൃത്യങ്ങള്‍ക്ക് സമൂഹത്തില്‍ സ്ഥാനമില്ലെന്നും പറഞ്ഞു.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുൻപ് മാധ്യമങ്ങളോടു സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി സംഭവത്തിൽ അപലപിച്ചു. മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികൾക്ക് മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. അതിക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പ്രചരിച്ചതോടെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശനവുമായി രംഗത്ത് വന്നിരുന്നു.
ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാൻ കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കാനും കോടതി കേന്ദ്ര സര്‍ക്കാരിനും മണിപ്പൂര്‍ സര്‍ക്കാരിനും നിർദ്ദേശം നൽകി.





