സമാന്തര എക്സ്ചേഞ്ച്: സിം കാർഡ് നൽകുന്നത് ഒഡീഷ സംഘം; പ്രധാന ഉപഭോക്താക്കൾ ഓൺലൈൻ തട്ടിപ്പുകാർ

കോഴിക്കോട്∙:കേരളത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകൾക്ക് ആവശ്യമായ സിം കാർഡുകൾ എത്തിച്ചു നൽകിയത് തെലങ്കാനയിൽ സമാന്തര എക്സ്ചേഞ്ച് നടത്തിയതിന് അറസ്റ്റിലായ തൊടുപുഴ സ്വദേശി മുഹമ്മദ് റസൽ തന്നെയെന്നു പൊലീസ്. ഹൈദരാബാദിൽ അന്വേഷണത്തിനു പോയ പൊലീസ് സംഘത്തിന് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ലഭിച്ചു.
സംഘം ഇന്നലെയാണ് മടങ്ങിയെത്തിയത്. ഒഡീഷയിൽ നിന്നു ശേഖരിച്ച പ്രീ ആക്ടിവേറ്റഡ് സിം കാർഡുകളാണ് റസൽ കോട്ടക്കൽ സ്വദേശി മുഹമ്മദ് സലീമിനു കൈമാറിയത്. ഈ സിം കാർഡുകളാണ് കോഴിക്കോട്, എറണാകുളം, തൃശൂർ ജില്ലകളിലെ സമാന്തര എക്സ്ചേഞ്ചുകളിൽ ഉപയോഗിച്ചത്. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്യുന്ന സിം കാർഡുകളുടെ വിൽപന ഒഡീഷയിൽ വ്യാപകമാണെന്നു പൊലീസ് പറയുന്നു.
ഓൺലൈൻ തട്ടിപ്പു നടത്തുന്നവരാണ് പ്രധാന ഉപഭോക്താക്കൾ. ഒഡീഷ, ബംഗാൾ എന്നിവിടങ്ങളിലെ മേൽവിലാസത്തിൽ എടുത്ത സിമ്മുകളാണിത്. ബെംഗളൂരുവിലെ സമാന്തര എക്സ്ചേഞ്ചുകൾക്കും റസൽ സിം കാർഡുകൾ നൽകിയിട്ടുണ്ട്. ഹൈദരാബാദിൽ നിന്നു പൊലീസ് ശേഖരിച്ച തെളിവുകൾ പരിശോധിച്ച ശേഷം മുഹമ്മദ് റസലിനെ കേരളത്തിലെ സമാന്തര എക്സ്ചേഞ്ച് കേസിൽ പ്രതി ചേർത്തേക്കും.





