Kozhikode

മെഡിക്കൽ കോളേജിൽ മാലിന്യസംസ്‌കരണം പുനരാരംഭിച്ചു

Please complete the required fields.




കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിലെ കേടായ ഇൻസിനറേറ്റർ അറ്റകുറ്റപ്പണിചെയ്ത് പ്രവർത്തനക്ഷമമാക്കിയതോടെ മാലിന്യസംസ്കരണം പുനരാരംഭിച്ചു. കഴിഞ്ഞ പത്തിനാണ് ദിവസേന 1500 കിലോ ഖരമാലിന്യം സംസ്കരിക്കുന്ന ഇൻസിനറേറ്റർ കേടായത്. ഇതോടെ മെഡിക്കൽ കോളേജിൽ മാലിന്യസംസ്കരണം പാടെനിലച്ചിരുന്നു.

മേൽക്കൂരയിലെ ഇരുമ്പുഷീറ്റ് ദ്രവിച്ച് ഉള്ളിലേക്ക് വെള്ളം ഇറങ്ങിയതോടെ ഇൻസിനറേറ്ററിന്റെ ഇലക്‌ട്രിക് പാനൽ ബോർഡും മോട്ടോറും തകരാറിലാകുകയായിരുന്നു.

പാലക്കാട്ടുനിന്ന് കമ്പനിയുടെ ഉദ്യോഗസ്ഥർ കഴിഞ്ഞദിവസം എത്തിയാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. എന്നാൽ ,ചോർന്നൊലിക്കുന്ന മേൽക്കൂര മാറ്റിയിട്ടില്ല. താത്‌കാലികമായി മഴവെള്ളംവീഴുന്നത് തടയാൻ പാനൽബോർഡും മോട്ടോറും പ്ളാസ്റ്റിക് ഷീറ്റുകൊണ്ട് മൂടിയിരിക്കയാണ്. മേൽക്കൂര അടിയന്തരമായി മാറ്റിസ്ഥാപിച്ചില്ലെങ്കിൽ വീണ്ടും ,വെള്ളം കൂടുതലായി ഉള്ളിലേക്കെത്തി യന്ത്രത്തിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് ടെൻഡർ വിളിച്ച് നടപടികൾ ആരംഭിച്ചിട്ടുണ്ട്.

അതേസമയം മാതൃശിശുസംരക്ഷണകേന്ദ്രത്തിലെ കേടായ ഇൻസിനറേറ്ററിന്റെ പുകക്കുഴലും മറ്റ് ഉപയോഗയോഗ്യമായ ഭാഗങ്ങളും മെഡിക്കൽ കോളേജിലെ പഞ്ചാരക്കുന്നിലേക്ക് മാറ്റാനും നടപടിയായിട്ടുണ്ട്. 30 ലക്ഷംരൂപ ചെലവുവരുന്ന ഇതിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button