
പെരുമണ്ണ : ബുധനാഴ്ച പുലർച്ചെയുണ്ടായ കനത്തകാറ്റിലും മഴയിലും പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പരിധിയിലെങ്ങും കനത്തനാശനഷ്ടം. തെങ്ങുകളും വലിയ മരങ്ങളുടമടക്കം പൊട്ടിവീണ് ഒട്ടേറെ വീടുകളും വൈദ്യുതപോസ്റ്റുകളും തകർന്നു. വാഴയടക്കമുള്ള കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്.
രണ്ടുതെങ്ങുകൾ പൊട്ടിവീണ് പുത്തൂർമഠം തേട്ടത്തിൽ മക്കാട്ട് മേത്തൽ വാസുവിന്റെ വീടിന്റെ മേൽക്കൂര തകർന്നു. ഇരുനിലവീടിന്റെ കോൺക്രീറ്റ് മേൽക്കൂരയുടെ ഒരുഭാഗമാണ് തകർന്നത്. വീടിനോടുചേർന്നുള്ള പ്ലാവ്, കവുങ്ങ്, മാവ്, മറ്റൊരു തെങ്ങ് തുടങ്ങിയവയും പൊട്ടിവീണിട്ടുണ്ട്.
തെങ്ങ് പൊട്ടിവീണ് പാറക്കണ്ടം പുതിയപറമ്പത്ത് മാമുക്കോയയുടെ വീടിന്റെ അടുക്കളയുടെ മേൽക്കൂര തകർന്നിട്ടുണ്ട്. മേൽക്കൂരയ്ക്ക് മുകളിലായി സ്ഥാപിച്ചിട്ടുള്ള വെള്ളത്തിന്റെ ടാങ്കും പൂർണമായും തകർന്നു.
പ്ലാവ്, കവുങ്ങ്, മഞ്ചാടി എന്നീ മരങ്ങൾ പൊട്ടിവീണ് പൊയിൽത്താഴം ആപ്പുറത്ത് സരോജിനിയമ്മയുടെ വീടിന്റെ മേൽക്കൂര തകർന്നു. ഓടിട്ട വീടിന്റെ മേൽക്കൂര പൂർണമായും തകർന്നിട്ടുണ്ട്. ഫാൻ അടക്കമുള്ള വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.തൊട്ടടുത്ത പറമ്പിലുള്ള വലിയപ്ലാവ് നടുമുറിഞ്ഞുവീണ് വെള്ളായിക്കോട് കീഴ്പ്ാടം ഇട്ട്യേലുമ്മൽ രാജന്റെ വീടിന്റെ അടുക്കളയുടെ മേൽക്കൂര തകർന്നു.ഷീറ്റിട്ട മേൽക്കൂരയുടെ ഒരുഭാഗം പൂർണമായും തകർന്നിട്ടുണ്ട്.
പുത്തൂർമഠം തേട്ടത്തിൽ മക്കാട്ടുമേത്തൽ ലീലയുടെ വീടിനുമുകളിലേക്ക് പ്ലാവ് പൊട്ടിവീണു. വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.തെങ്ങ് പൊട്ടിവീണ് ഇല്ലത്തുതാഴം ഇളമനശ്ശേരി സുരേന്ദ്രന്റെ ഓടിട്ട വീടിന്റെ മേൽക്കൂര തകർന്നു. ഇല്ലത്തുതാഴം പൂവ്വത്താളി ഉണ്ണികൃഷ്ണന്റെ വീടിന് മുകളിലേക്ക് തെങ്ങ് പൊട്ടിവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു. ഇല്ലത്തുതാഴം ഇളമനശ്ശേരി അഖിലേഷിന്റെ വീടിനോടുചേർന്നുള്ള വലിയ പന, പുളി തുടങ്ങിയവയും പൊട്ടിവീണിട്ടുണ്ട്.ഇല്ലത്തുതാഴം പുതുക്കിടി പ്രവീണിന്റെ വീടിനുമുകളിലേക്ക് ഇദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള തൊട്ടടുത്ത വീടിന്റെ മേൽക്കൂരയുടെ ഷീറ്റ് പറന്നുവീണ് വീടിനു കേടുപാടുകൾപറ്റി. പ്ലാവടക്കമുള്ള മരങ്ങൾ പൊട്ടിവീണ് ഇല്ലത്തുതാഴം പുതിയോട്ടിൽ ചന്ദ്രന്റെ വീടിന്റെ പാരപ്പറ്റ് പൊട്ടിയിട്ടുണ്ട്.അമൃതമംഗലം ശിവക്ഷേത്രത്തിന് സമീപം റോഡരികിലെ വൈദ്യുതപോസ്റ്റ് അടിപൊട്ടിവീണു. മക്കാട്ടുമേത്തൽ, പൂവ്വത്താളി, പഴഞ്ചീരിത്താഴം ഭാഗങ്ങളിലും വൈദ്യുതപോസ്റ്റുകൾ പൊട്ടിവീണിട്ടുണ്ട്. ഇല്ലത്തുതാഴംഭാഗത്ത് വാഴയടക്കമുള്ള കൃഷികളും വ്യാപകമായി നശിച്ചിട്ടുണ്ട്.
ഇല്ലത്തുതാഴം വയോളിപറമ്പത്ത് അബ്ദുൽഗഫൂറിന്റെ ആട്ടിൻകൂട് മരങ്ങൾ വീണ് തകർന്നിട്ടുണ്ട്. ആഴ്ചംവീട്ടിൽ ബാബുരാജന്റെ വീട്ടിന്റെ പശുത്തൊഴുത്തും മരങ്ങൾവീണ് തകർന്നിട്ടുണ്ട്. പെരുമണ്ണ ഇ.എം.എസ്. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾലൈബ്രറി കെട്ടിടത്തിന്റെ ഓടുകൾ കാറ്റത്ത് പറന്നുപോയി. തൊട്ടടുത്തപറമ്പിലെ പ്ലാവ് പൊട്ടിവീണ് വെള്ളായിക്കോട് മഞ്ചപ്പാറ തെക്കേത്തൊടി ഭഗവതിക്ഷേത്രത്തിന്റെ ഷീറ്റിട്ടിരുന്ന മേൽക്കൂരയും തകർന്നിട്ടുണ്ട്.





