ആറ് മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയത് 67 കോടി രൂപയുടെ സ്വർണം

മലപ്പുറം: ആറ് മാസത്തിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ എയർ കസ്റ്റംസ് പിടികൂടിയത് 67 കോടി രൂപയുടെ സ്വർണം. പുറത്ത് പൊലീസ് പിടികൂടിയ സ്വർണം ഇതിൽപെടില്ല. ജനുവരി ഒന്ന് മുതൽ ബുധനാഴ്ച വരെയുള്ള കണക്കുപ്രകാരം ഏകദേശം 120 കിലോ സ്വർണമാണ് പിടികൂടിയതെന്ന് എയർ കസ്റ്റംസ് അധികൃതർ പറഞ്ഞു.
ഇതുകൂടാതെ 14 കേസിലായി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ഏകദേശം 1.3 കോടി രൂപയുടെ വിദേശ കറൻസിയും ഈ കാലയളവിൽ പിടികൂടി. 141 യാത്രക്കാരാണ് സ്വർണം കടത്തുന്നതിനിടെ പിടിയിലായത്. ഇതിൽ ആറുപേർ സ്ത്രീകളാണ്. 105 പേരും മലപ്പുറം ജില്ലക്കാരാണ്. ബാക്കി കോഴിക്കോട്ടുകാരാണ്.
149 കേസിൽ 46 എണ്ണത്തോളം ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പിടികൂടിയത്. ബാക്കി കേസുകൾ ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനകളുടെ അടിസ്ഥാനത്തിലായിരുന്നു. സ്വർണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നൽകുന്നവർക്ക് കിലോക്ക് 1.5 ലക്ഷം രൂപ വരെ കസ്റ്റംസ് പ്രതിഫലം നൽകുന്നുണ്ട്. വിവരം തരുന്നവരെക്കുറിച്ച വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവരം നൽകാൻ 0483 2712369 നമ്പറിൽ ബന്ധപ്പെടാം.ചൊവ്വാഴ്ച പിടികൂടിയത് 80 ലക്ഷം രൂപയുടെ സ്വർണം





