
കോഴിക്കോട് : മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്ക് കഴിഞ്ഞ രണ്ടര മാസത്തിനിടെ കോർപ്പറേഷൻ പിഴ ചുമത്തിയത് 3.24 ലക്ഷം രൂപ. ഇതിൽ 2,15,020 രൂപ അടച്ചിട്ടുണ്ട്. 113 പേർക്കാണ് പിഴ ചുമത്തിയത്. ആകെ 140 പേർക്ക് നോട്ടീസ് നൽകി. 1000 രൂപ മുതൽ ഒരുലക്ഷം വരെയാണ് പിഴ ചുമത്തിയത്. മാലിന്യം വലിച്ചെറിയൽ, കത്തിക്കൽ, ജലാശയം മലിനമാക്കൽ തുടങ്ങിയവയ്ക്കെല്ലാം പിഴ ചുമത്തി. മാർച്ച് 15 മുതൽ ജൂൺ ഒന്ന് വരെയായിരുന്നു പരിശോധന.
നിലവിൽ കോർപ്പറേഷൻ ജൈവ-അജൈവമാലിന്യം ശേഖരിക്കുന്നുണ്ട്. ജൈവമാലിന്യസംസ്കരണത്തിനുള്ള സംവിധാനം വീടുകളിൽ നൽകിയ ശേഷം പതിയെ വീടുകളിൽ നിന്നുള്ള ശേഖരണം കുറയ്ക്കുകയാണ് ലക്ഷ്യം. എന്നാൽ മാലിന്യസംസ്കരണത്തിനുള്ള ഉപകരണങ്ങൾ വാങ്ങാൻ പലരും വിമുഖത കാണിക്കുകയാണ്.
ഉറവിട ജൈവമാലിന്യ സംസ്കരണം സ്വന്തമായി ഉള്ള 13,171 വീടുകളാണ് മാർച്ചുവരെ ഉണ്ടായിരുന്നത്. ഇപ്പോൾ 12,483 വീടുകളിലേക്ക് കൂടിയായി. 90 ശതമാനം സബ്‌സിഡിയോടെയാണ് ആവശ്യക്കാർക്ക് ഉപകരണങ്ങൾ നൽകുന്നത്. 56,000 പേരെ കണക്കാക്കി അപേക്ഷ ക്ഷണിച്ചെങ്കിലും പലരും മുഖം തിരിച്ചു. ആദ്യം 20,000-ത്തിൽ ഏറെപ്പേർ മാത്രമാണ് അപേക്ഷിച്ചത്. ഇപ്പോൾ 30,000-ന് മുകളിലായി. പൈപ്പ് കമ്പോസ്റ്റ്, റിങ് കമ്പോസ്റ്റ്, ബൊക്കാഷി ബക്കറ്റ്, ജീബിൻ, ബയോഗ്യാസ് പ്ലാന്റ് തുടങ്ങിയ സാധനങ്ങളാണ് നൽകുന്നത്. പലയിടത്തും കൗൺസിലർമാർ വഴി വാർഡുകളിലേക്ക് വിവരമെത്തുന്നില്ലെന്ന വിമർശനവുമുണ്ട്.
വീടുകളിലെ മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടുള്ള സർവേയും കൃത്യമായി നടക്കുന്നില്ല. ചിലയിടത്ത് എൻ.എസ്.എസ്. വൊളന്റിയർമാർ വീടുകളിൽപ്പോയി വിവരം ശേഖരിക്കുന്നുണ്ട്. മറ്റിടങ്ങളിൽ അതുനടക്കുന്നില്ല. സ്വന്തമായി സംവിധാനമില്ലാത്തതിനാൽ കമ്യൂണിറ്റി സംവിധാനങ്ങൾ ഉപയോഗിച്ചിരുന്ന 13,355 വീടുകളിൽ 468 എണ്ണം ഇപ്പോൾ അത്തരം സേവനം ഉപയോഗിക്കുന്നില്ല. ഇപ്പോഴും 1,06,089 വീടുകൾ അത്തരം സംവിധാനങ്ങളൊന്നും ഇല്ലാത്തവരാണ്.
സർക്കാർ-557, പൊതുമേഖല-114, സ്വകാര്യമേഖല-1388 സ്ഥാപനങ്ങൾ എന്നിങ്ങനെയാണ് കോർപ്പറേഷനിലുള്ളത്. ഹരിതചട്ടം പാലിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ മാർച്ച് 15-ന് മുമ്പ് 453 എണ്ണമായിരുന്നു. ഇപ്പോഴും 547 സ്ഥാപനങ്ങൾ മാത്രമാണുള്ളത്. അതായത് ആകെ 26.5 ശതമാനം.
ആൾത്താമസമുള്ള 1,45,620 വീടുകളാണ് നഗരത്തിലുള്ളത്. ഹരിതകർമസേനയുടെയോ മറ്റ് ഏജൻസികളുടെയോ സേവനം ഉപയോഗപ്പെടുത്തി യൂസർഫീ നൽകുന്ന വീടുകൾ ജൂൺ ഒന്നുവരെ 1,14,300 എണ്ണമാണ്. 78.5 ശതമാനം വീടുകൾ. മാർച്ച് വരെ 69 ശതമാനം മാത്രമായിരുന്നു.നൂറ് കിലോയിലേറെ പ്രതിദിനം മാലിന്യം ഉത്‌പാദിപ്പിക്കുന്ന 302 സ്ഥാപനങ്ങൾ ഉണ്ട്. അതിൽ 189 എണ്ണം സ്വന്തമായോ ഹരിതകർമസേന വഴിയോ ജൈവമാലിന്യം നൽകുന്നുണ്ട്. ഇത്തരത്തിലുള്ള 192 സ്ഥാപനങ്ങളാണ് അജൈവ മാലിന്യം നൽകുന്നത്.





