
കോഴിക്കോട് : ജനങ്ങൾ പുറത്തിറങ്ങാൻ ഭയക്കുന്നരീതിയിൽ തെരുവുനായശല്യം രൂക്ഷമായിരിക്കെ ജില്ലയിൽ ഏഴുമാസത്തിനിടെ കടിയേറ്റത് 9793 പേർക്കെന്ന് ഔദ്യോഗിക കണക്ക്. സമീപജില്ലകളിൽ നിന്നുൾപ്പെടെ എട്ടുമാസത്തിനിടെ ഒൻപതിനായിരംപേർ കോഴിക്കോട് മെഡിക്കൽ കോളേജിൽമാത്രം ചികിത്സതേടി. പേവിഷബാധയേറ്റ് മൂന്നുപേരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്. ഇതിൽ രണ്ടുപേർ കോഴിക്കോട് ജില്ലക്കാരാണ്. കൂത്താളി സ്വദേശിയായ വീട്ടമ്മ പ്രതിരോധവാക്സിനെടുത്തിട്ടും പേവിഷബാധയേറ്റ് മരിച്ചു.
മാർച്ച്, ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ടുചെയ്തത്. ഏപ്രിലിൽ 1999 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഓഗസ്റ്റിലെ മൊത്തം കണക്ക് ലഭ്യമായിട്ടില്ലെങ്കിലും ജില്ലയിൽ രണ്ടായിരം പേർക്കെങ്കിലും കടിയേറ്റിട്ടുണ്ടാവുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. ഓഗസ്റ്റിൽമാത്രം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ 4500 പേർ ചികിത്സതേടി. എല്ലാദിവസവും ശരാശരി അഞ്ചുപേർക്കെങ്കിലും ജില്ലയിൽ പട്ടിയുടെ കടിയേൽക്കുന്നുണ്ട്.
പട്ടി വാഹനത്തിന് കുറുകെച്ചാടിയുണ്ടായ അപകടത്തിൽ ജില്ലയിൽ ഒരുമാസത്തിനിടെ രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച ചേളന്നൂരിലും കുറ്റ്യാടിയിലുമായി ഇത്തരത്തിൽ അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആളുകൾക്ക് ജാഗ്രത കൂടിയതോടെ പൂച്ചയുടെ കടിയേറ്റ് ചികിത്സതേടുന്നതും കൂടി. 25,787 പേരാണ് ഏഴുമാസംകൊണ്ട് ചികിത്സതേടിയത്.





