
കോഴിക്കോട്: സർക്കാരിൻ്റെ ഇച്ഛാശക്തിയാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ തെളിയുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരുഷ കേന്ദ്രീകൃത സമൂഹത്തിൻ്റെ പരിച്ഛേദം തന്നെയാണ് സിനിമാ മേഖലയും. അതിന്റെ ജീർണത മുഴുവൻ പ്രിതിഫലിക്കുന്നതാണ് റിപ്പോർട്ട്. കോടതിയിലെ സാങ്കേതിക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെയാണ് റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയിൽ ഇക്കാര്യം കൈകാര്യം ചെയ്തു. സർക്കാരിന് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയിൽ എത്തിക്കുക എന്നതാണ് സർക്കാർ നിലപാട്. സ്ത്രീ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുകയെന്നും സിപിഐഎം സെക്രട്ടറി കൂട്ടിച്ചേർത്തു. അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പാക്കാനൊരുങ്ങുകയാണ് സർക്കാർ. സിനിമ നയ രൂപീകരണത്തിന് കോൺക്ലേവ് സംഘടിപ്പിക്കാനാണ് തീരുമാനം.
മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന കോൺക്ലേവ് നവംബറിൽ കൊച്ചിയിൽ നടക്കും. ഇതിനായി സാംസ്കാരിക വകുപ്പ് മുന്നൊരുക്കങ്ങൾ സജീവമാക്കി. സിനിമയിലെ എല്ലാ തൊഴിൽ മേഖലകളിലെയും പ്രതിസനിധികളെയും പങ്കെടുപ്പിച്ചുകൊണ്ടാകും കോൺക്ലേവ് സംഘടിപ്പിക്കുക. കെഎസ്ഐഡിസിക്കാണ് നയരൂപീകരണത്തിൻ്റെ ചുമതല. കോൺക്ലേവിന് മുമ്പ് സിനിമയിലെ സംഘടനകളുമായി ചർച്ച നടത്തുകയും കരട് നയരേഖ തയ്യാറാക്കുകയും ചെയ്യും. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിലാകും നയരൂപീകരണം.





