മാമ്പഴക്കാലത്ത് ജാഗ്രത: അംഗീകാരമില്ലാത്ത ഫുഡ് കളറുകൾ ഉപയോഗിച്ച് നിർമ്മാണം; രണ്ട് ലക്ഷത്തിന്റെ പൾപ്പ് നശിപ്പിച്ചു

മഹാരാഷ്ട്ര: പുണെയിൽ വൻതോതിൽ മായം കലർന്ന മാംഗോ പൾപ്പ് ഭക്ഷ്യ സുരക്ഷാ വകുപ്പ് (എഫ്ഡിഎ) പിടിച്ചെടുത്ത് നശിപ്പിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 3800 കിലോ മാമ്പഴ പൾപ്പാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
അംഗീകാരമില്ലാത്ത കൃത്രിമ നിറങ്ങൾ ചേർത്ത് പൾപ്പ് നിർമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എഫ്ഡിഎയുടെ ഈ നിർണ്ണായക നീക്കം. ആദ്യം മാവൽ താലൂക്കിലെ ഊർസെ ഗ്രാമത്തിലുള്ള നിർമ്മാണ യൂണിറ്റിലാണ് റെയ്ഡ് നടന്നത്.
ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ കാറ്റിൽ പറത്തി അപകടകരമായ നിറങ്ങൾ ചേർത്ത് ഇവിടെ പൾപ്പ് നിർമ്മിക്കുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി. ഇവിടെ നിന്ന് മാമ്പഴ പൾപ്പ്, പഞ്ചസാര, പാൽ, മറ്റ് ചേരുവകൾ എന്നിവയുൾപ്പെടെ ആറ് സാമ്പിളുകൾ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചു.
ഈ കേന്ദ്രത്തിൽ നിന്ന് മാത്രം 1.61 ലക്ഷം രൂപ വിലമതിക്കുന്ന 3,282 കിലോ പൾപ്പ് പിടിച്ചെടുത്തു. തുടർന്ന് ഖേഡ് താലൂക്കിൽ നടത്തിയ പരിശോധനയിൽ 558 കിലോ പൾപ്പ് കൂടി കണ്ടെത്തിയതോടെ ആകെ അളവ് 3800 കിലോയായി.അസിസ്റ്റന്റ് കമ്മീഷണർ എൻ. ആർ. സർക്കാട്ടെ, കമ്മീഷണർ ശ്രീധർ ദുബെ പാട്ടീൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ നടപടികൾക്ക് നേതൃത്വം നൽകിയത്. പിടിച്ചെടുത്ത പൾപ്പ് പൂർണ്ണമായും നശിപ്പിച്ച എഫ്ഡിഎ, ഭക്ഷണസാധനങ്ങളിൽ മായം ചേർക്കുന്നവർക്കെതിരെയും ഗുണനിലവാരമില്ലാത്ത ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെയും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.





