
തൃശൂർ: ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിസൈനർ മൃഗശാലയുമായ പുത്തൂരിലെ തൃശൂർ സുവോളജിക്കൽ പാര്‍ക്കിലേക്ക് ആദ്യ അതിഥിയായെത്തി വൈഗ എന്ന കടുവ. നെയ്യാറില്‍ നിന്ന് എത്തിച്ച 13 വയസ്സ് പ്രായമുള്ള വൈഗയെ ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേക്ക് മാറ്റി. റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ, ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജ, പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഡയറക്ടർ ആർ കീർത്തി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് വൈഗയെ സ്വീകരിച്ചു. 2023 ഡിസംബറോട് കൂടി സുവോളജിക്കൽ പാർക്ക് നാടിന് സമർപ്പിക്കുമെന്ന് ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. രണ്ടാം ഘട്ടം ജൂണിൽ പൂർത്തിയാകും. മൂന്നാം ഘട്ടം ഇപ്പോൾ തന്നെ ആരംഭിച്ചെന്നും ആഗസ്റ്റ് – സെപ്റ്റംബറിൽ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
മൃഗശാലകളുമായി ബന്ധമില്ലാതെ നേരിട്ടെത്തുന്ന മൃഗങ്ങൾക്കും ഏതെങ്കിലും വിധത്തിലുള്ള രോഗബാധിതരായ മൃഗങ്ങളെയും ഐസോലേഷൻ നടത്തി സുവോളജിക്കൽ പാർക്കിലേക്ക് കൊണ്ടുപോകുന്ന ഐസോലേഷൻ സെന്ററാണ് ചന്ദനക്കുന്നിലേത്. മൃഗങ്ങൾ, ഉരഗങ്ങൾ, പക്ഷികൾ തുടങ്ങിയവയുടെ സ്വച്ഛവിഹാരത്തിനൊപ്പം കാടിന്റെ ഭംഗി ആസ്വദിക്കാനുള്ള അവസരമാണ് സുവോളജിക്കൽ പാർക്കിൽ ഉണ്ടാക്കുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്ഥലവുമായി ഇണങ്ങിയ ശേഷം മാത്രമാണ് ജീവികളെ ആവാസ ഇടത്തിലേക്ക് മാറ്റുക. മൃഗങ്ങളേയും പക്ഷികളേയും അവയുടെ ആവാസവ്യവസ്ഥയിൽച്ചെന്ന് കാണാവുന്ന തരത്തിൽ ഒരുങ്ങുന ഏഷ്യയിലെ ഏറ്റവും വലിയ സുവോളജിക്കൽ പാർക്കാണ് പുത്തൂരിൽ സജ്ജമാകുന്നത്.
മെയ് പകുതിയോടെ ബയോഡൈവേഴ്സിറ്റി പാർക്ക് കൂടി പൂർത്തീകരിക്കും. സിംഹം, പുലി, കടുവ, സസ്തനികൾ, പക്ഷികൾ, ഉരഗങ്ങൾ ഉഭയജീവികൾ ഉൾപ്പെടെ 64 ഇനങ്ങളിലായി 511 ജീവികളെയും അപൂർവ്വയിനം പക്ഷിമൃഗാദികളെയും തൃശ്ശൂർ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിക്കാൻ ലക്ഷ്യമിടുന്നുണ്ട്. സിംഹവാലൻ കുരങ്ങ്, കാട്ടുപോത്ത് എന്നിവയെ തിരുവനന്തപുരം മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും എത്തിക്കും.





