
പാലക്കാട്: സംസ്ഥാനത്ത് ചൂട് കൂടിവരുന്ന സാഹചര്യത്തിൽ പാലക്കാട്, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയും ഞായറാഴ്ചയും പാലക്കാട് ജില്ലയിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സാധാരണ നിലയെക്കാൾ രണ്ടുമുതൽ നാല് ഡിഗ്രിവരെ അധികമാണിത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും മൂലം മലയോര പ്രദേശങ്ങൾ ഒഴികെ ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
താപനില ഉയരുന്നതിനാൽ പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങളാൽ അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ ഈ സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കാതെ ശ്രദ്ധിക്കണം. നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ജോലിസമയം ക്രമീകരിക്കണമെന്നും കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദേശത്തിൽ പറയുന്നു.
നിർജലീകരണം തടയാൻ വെള്ളം കുടിക്കണം. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കണം. കാട്ടുതീ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേക ജാഗ്രത പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് കുടിവെള്ളം ഉറപ്പാക്കണം. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം അതത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും നടപ്പാക്കണം. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ചൂട് ഏൽക്കാത്ത തരത്തിൽ വസ്ത്രധാരണം നടത്തേണ്ടതും ആവശ്യമെങ്കിൽ യാത്രക്കിടയിൽ വിശ്രമിക്കാനുള്ള അനുവാദം അതത് സ്ഥാപനങ്ങൾ നൽകേണ്ടതുമാണ്. ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.





