Kerala

കേരളത്തെ അഴിമതിരഹിത സംസ്ഥാനമാക്കും; മുഖ്യമന്ത്രി

Please complete the required fields.




കോഴിക്കോട്‌: സമ്പൂർണ അഴിമതിരഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ്‌ ലക്ഷ്യമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അഴിമതി ഏറ്റവും കുറവ്‌ കേരളത്തിലാണെന്ന്‌ പഠനമുണ്ട്‌. പക്ഷേ, ചില ഇടങ്ങളിൽ അഴിമതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്‌. അത്‌ ഒറ്റപ്പെട്ടതായി കാണാനാകില്ലെന്നും കരുതലും കൈത്താങ്ങും താലൂക്ക് അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു.

അഴിമതി പൂർണമായി ഇല്ലാതാക്കാൻ ഇടപെടൽ ആവശ്യമാണ്‌. സർവീസ്‌ മേഖലയ്‌ക്ക്‌ ഇതിൽ വലിയ പങ്കുവഹിക്കാനാകും. അഴിമതിക്കാരോട്‌ ഒരു ദയാ ദാക്ഷിണ്യവും ഉണ്ടാകില്ല. ഓഫീസുകളിൽ സേവനം നൽകുന്നത്‌ ജനങ്ങൾക്കുള്ള ഔദാര്യമല്ല, മറിച്ച്‌ അവരുടെ അവകാശമാണെന്ന ബോധം ഉദ്യോഗസ്ഥരിൽ ഉണ്ടാകണം. ഓരോ ഫയലും ഓരോ ജീവിതമാണെന്ന ഓർമപ്പെടുത്തൽ ഫലം കണ്ടു. ഫയൽ കെട്ടിക്കിടക്കുന്നതിൽ വലിയ മാറ്റമുണ്ടായി. ശേഷിക്കുന്നവയിൽ വേഗം തീർപ്പ്‌ കൽപ്പിക്കാനാണ്‌ മന്ത്രിമാർ പങ്കെടുത്ത്‌ താലൂക്കുതല അദാലത്ത്‌ നടത്തുന്നത്‌.

സർക്കാർ തീരുമാനങ്ങൾ വേഗം നടപ്പാകാൻ അർപ്പണബോധമുള്ള സിവിൽ സർവീസാണ്‌ നാടിന്‌ ആവശ്യം. ആവശ്യമുള്ളത്ര ഐഎഎസ്‌ ഉദ്യോഗസ്ഥരില്ലെന്ന പ്രശ്‌നത്തിന്‌ പരിഹാരമായാണ്‌ കേരള അഡ്‌മിനിസ്‌ട്രേറ്റീവ്‌ സർവീസ്‌ ആരംഭിച്ചത്‌. കേരളത്തിന്റെ സ്വപ്‌നമാണ്‌ അതിലൂടെ യാഥാർഥ്യമായത്‌. ഇക്കഴിഞ്ഞ വർഷങ്ങളിൽ എൽഡിഎഫ്‌ സർക്കാരിന്റെ കരുതൽ അനുഭവിച്ചറിഞ്ഞവരാണ് ജനങ്ങൾ. ക്ഷേമ പെൻഷൻ, ആരോഗ്യ ഇൻഷുറൻസ്, 2.31 ലക്ഷം പട്ടയം, മൂന്നര ലക്ഷത്തോളം വീടുകൾ എന്നിവ നൽകി. രണ്ടാം വർഷത്തിൽ എത്ര പുരോഗതി കൈവരിച്ചു എന്നറിയാൻ പ്രോഗ്രസ് റിപ്പോർട്ട് ഉടനെ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Back to top button