
താമരശ്ശേരി: കട്ടിപ്പാറ പഞ്ചായത്തിൽ കന്നൂട്ടിപ്പാറ ഭാഗത്ത് കൃഷിയിടത്തിൽ ഇറങ്ങി കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെ കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ എംപാനലിൽപ്പെട്ട കോടഞ്ചേരി, മൈക്കാവ് കുന്നുംപുറത്ത് തങ്കച്ചൻ വെടിവെച്ചുകൊന്നു.
ഏകദേശം 12 വയസ്സ് പ്രായവും 180 കിലോ തൂക്കവുമുള്ള ഒറ്റയാൻ കാട്ടുപന്നിയെയാണ് വെടിവെച്ചുകൊന്നത്. കാട്ടുപന്നിയുടെ ജഢം അപ്പോൾ തന്നെ കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മയുടെ ചെയർമാൻ കെ.വി സെബാസ്റ്റ്യൻ്റെ സാന്നിധ്യത്തിൽ താമരശ്ശേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ എം.കെ.രാജീവ് കുറാറിന് കൈമാറി.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ ഉപാധികളോട് കൂടി വെടിവെച്ച് കൊല്ലാമെന്ന ഉത്തരവ് പ്രകാരം ആദ്യമായിട്ടാണ് വെടിവെച്ചു കൊല്ലുന്നത്. കാട്ടുപന്നി ശല്യം രൂക്ഷമായ കട്ടിപ്പാറ പഞ്ചായത്തിലെ വിവിധ മേഖലകളിൽ കൃഷി നശിപ്പിക്കുന്നത് കണ്ടാൽ താഴെ കൊടുത്തിരിക്കുന്ന ഫോറസ്റ്റ് ആർ.ആർ.ടി.നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് റെയിഞ്ച് ഓഫീസർ അറിയിച്ചു.8547602828854760281585476027999961845075





