
കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയുവിൽ രോഗിയെ പീഡിപ്പിച്ച അറ്റൻഡർ ശശീന്ദ്രന്റെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാകോടതി തള്ളി. മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ആണ് പ്രതി എന്നതിനാൽ സാക്ഷികളായ മറ്റു ജീവനക്കാരെ സ്വാധീനിക്കാൻ ഇടയുണ്ടെന്ന് പോലീസ് ജില്ലാ സെഷൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു കണക്കിലെടുത്താണ് കോടതി ശശീന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്.
കേസിലെ ഇരയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ സർക്കാർ പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാരി ദീപ പ്രതിയല്ലെന്നും പോലീസ് റിപ്പോർട്ടിൽ ഉണ്ട്. ഇരയെ കാണാൻ മറ്റ് അഞ്ചു പേർ ഐസിയുവിൽ കയറിയപ്പോൾ ദീപ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല എന്നതാണ് കാരണം.
കുന്ദമംഗലം കോടതിയിൽ പോലീസ് നൽകിയ റിപ്പോർട്ട് പ്രകാരം ആസ്യ, ഷൈനി ജോസ്, ഷൈമ, ഷലൂജ, പ്രസീത എന്നിവരാണ് ഇരയെ സ്വാധീനിക്കാൻ ശ്രമിച്ച പ്രതികൾ. ഇതിൽ ആസ്യ നൽകിയ മുൻകൂർ ജാമ്യാേപക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. കുന്ദമംഗലം കോടതിയിൽ നൽകിയ റിപ്പോർട്ടിലുളള അഞ്ച് പ്രതികളും ഇപ്പോഴും ഒളിവിലാണ്.





