Alappuzha

എയിംസ് ആലപ്പു‍ഴയിലാണ് വരേണ്ടത്’: സുരേഷ് ഗോപിയെ പിന്തുണച്ച് കെ സി വേണുഗോപാൽ

Please complete the required fields.




ആലപ്പുഴ: എയിംസ് വിഷയത്തില്‍ സുരേഷ് ഗോപിയെ പിന്തുണച്ച് കെ സി വേണുഗോപാൽ. എയിംസിൻ്റെ കാര്യത്തിൽ സുരേഷ് ഗോപിയുടെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലാണ് എയിംസ് ആവശ്യമുള്ളത്. നിലവിൽ ആരോഗ്യ സംവിധാനങ്ങൾ കുറവുളളത് ആലപ്പുഴയിലാണ്.
ആലപ്പുഴയിൽ എയിംസ് വരുന്നതിന് എല്ലാ പിന്തുണയും നൽകുമെന്ന് മാധ്യമങ്ങളോട് സംസാരിവേ അദ്ദേഹം പറഞ്ഞു. എൻ എസ് എസിൻ്റെ നിലപാടിൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ്സ് സമുദായ സംഘടനകളെ വെല്ലുവിളിക്കാറില്ലെന്നും തങ്ങളാരെയും അപകീർത്തിപ്പെടുത്താറില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ദില്ലിയിലെ എയിംസ് ആശുപത്രി മാതൃകയില്‍ സംസ്ഥാനത്തും എയിംസ് സ്ഥാപിക്കണമെന്ന കേരളത്തിന്‍റെ ഏറെകാലമായുളള ആവശ്യവും ഇതിന് തുടര്‍ച്ചയായി കോഴിക്കോട് കിനാലൂരില്‍ ഭൂമിയേറ്റെടുക്കല്‍ അടക്കമുളള നടപടികള്‍ മുന്നോട്ട് പോവുകയും ചെയ്ത ഘട്ടത്തിലാണ് ഈ വിഷയത്തില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഏകപക്ഷീയമായി നിലപാട് അവതരിപ്പിച്ചതും ആലപ്പുഴയില്‍ എയിസ് സ്ഥാപിക്കണമെന്ന് നിലപാടില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തത്. കേരളത്തില്‍ എവിടെയായാലും എയിംസിനെ സ്വാഗതം ചെയ്യുമെന്ന് കേരള ബിജെപി നേതൃത്വത്തിന്‍റെ പൊതു നിലപാട് ചോദ്യം ചെയ്യുന്ന രീതിയില്‍ തന്‍റെ നിലപാട് സുരേഷ് ഗോപി പലവട്ടം ആവര്‍ത്തിക്കുകയും ചെയ്തു. എന്നാല്‍ ഈ നിലപാടിനെ ബിജെപി നേതാക്കള്‍ തന്നെ പലപവട്ടം പരോക്ഷമായി ചോദ്യം ചെയ്തിട്ടും സുരേഷ് ഗോപി നിലപാടില്‍ നിന്ന് പിന്നോട്ടില്ല.ഇന്ന് ഈ വിഷയത്തില്‍ നടത്തിയ പ്രതികരണവും സമാനമായിരുന്നു. എയിംസിന്റെ കാര്യത്തിൽ തനിക്ക് ഒറ്റ നിലപാടെ ഉള്ളൂ എന്നാണ് സുരേഷ് ഗോപി മാധ്യമങ്ങളോട് ഇന്ന് പ്രതികരിച്ചത്. പറയാനുള്ളതെല്ലാം നേരത്തെ പറഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.ഏകപക്ഷിയമായ ഈ നിലപാട് പ്രഖ്യാപനത്തോടുളള നീരസം പരസ്യമാക്കുന്ന വധത്തിലായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം. എയിംസ് വിവാദത്തില്‍ നേതാക്കൾ പറയുന്നത് ബിജെപിയുടെ അഭിപ്രായമല്ലെന്നാണ് വി മുരളീധരൻ ഇന്ന് പ്രതികരിച്ചത്. വ്യക്തിപരമായ അഭിപ്രായങ്ങളാണ് നേതാക്കൾ പറയുന്നത്. സുരേഷ് ഗോപിയുടെ അഭിപ്രായവും അങ്ങനെ കണ്ടാൽ മതി.

കേന്ദ്രമന്ത്രി എന്ന നിലയിൽ അതിന് പ്രാധാന്യമുണ്ട്. എയിംസ് വിഷയത്തിൽ സംസ്ഥാന നേതൃത്വത്തോട് കേന്ദ്രനേതൃത്വം നിലപാട് തേടിയിട്ട് പോലുമില്ല. എയിംസ് കേരളത്തിൽ വരുമോ എന്നത് പറയേണ്ടത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടവരാണ്. എയിംസ് വേണ്ട സമയത്ത് കേരളത്തിന് കിട്ടുമെന്നും വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
സുരേഷ് ഗോപി എയിംസ് കാര്യത്തില്‍ ആലപ്പുഴയ്ക്കായി വാദിക്കുമ്പോള്‍ ആലപ്പുഴയിലെ ബിജെപി നേതൃത്വം തന്നെ സുരേഷ് ഗോപിക്കെതിരെ രംഗത്തെത്തി. എയിംസ് കേരളത്തിൽ എവിടെയും സ്ഥാപിക്കാമെന്ന് ആലപ്പുഴ നോർത്ത് ജില്ലാ സെക്രട്ടറി പി കെ ബിനോയ്‌ പ്രതികരിച്ചു. ആലപ്പുഴയെ പ്രത്യേകിച്ച് ചൂണ്ടിക്കാണിക്കാനില്ലെന്നും എന്തുകൊണ്ട് ആലപ്പുഴ എന്നതിൽ വ്യക്തത വരുത്തേണ്ടത് സുരേഷ് ഗോപി ആണെന്നും പി കെ ബിനോയ്‌ കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button