
കോഴിക്കോട് : കൊടുവള്ളി ജല അതോറിറ്റിയുടെ പൈപ്പുവെള്ളത്തെ ആശ്രയിച്ചുകഴിയുന്ന പെരിയാംതോട് പ്രദേശത്തെ ഏതാനുംകുടുംബങ്ങൾ കുടിവെള്ളമില്ലാതെ വലയുന്നു. 22 ദിവസമായി പെരിയാംതോട്, പറയങ്ങച്ചാൽ, പുറായിൽ, ആറങ്ങോട് റോഡ് എന്നിവിടങ്ങളിലെ ഇരുപതോളം കുടുംബങ്ങളണ് കുടിവെള്ളമില്ലാതെ ദുരിതത്തിലായത്. ഉപഭോക്താക്കൾ കൊടുവള്ളി ജല അതോറിറ്റി ഓഫീസിൽ പരാതിപറഞ്ഞ് മടുത്തിരിക്കുകയാണ്. പരാതിപ്പെടുമ്പോഴെല്ലാം ‘നോക്കാം…’ എന്ന മറുപടിമാത്രമാണ് ഓഫീസിൽനിന്ന് ലഭിക്കുന്നതെന്നാണ് ജല അതോറിറ്റി ഉപഭോക്താവായ പെരിയാംതോട് പുറായിൽ ഉസ്മാൻ പറയുന്നത്.
വെള്ളമില്ലാത്തതിനാൽ ഭക്ഷണം പാകംചെയ്യാനും അലക്കാനും കുളിക്കാനും ഏറെ പ്രയാസപ്പെടുകയാണിവർ. പാലക്കുറ്റിയിലെ ബന്ധുവീട്ടിൽപ്പോയാണ് അലക്കുകയും കുളിക്കുകയും ചെയ്യുന്നതെന്നും ഉസ്മാൻ പറഞ്ഞു. കുന്നിൻപ്രദേശമായ ഇവിടെ ഏതാനും വീടുകളിൽമാത്രമാണ് കിണറുള്ളത്. വേനൽ കനക്കുന്നതോടെ ഈ കിണറുകൾ വറ്റിത്തുടങ്ങും. ജലനിധി പദ്ധതികളൊന്നും ഇല്ലാത്ത ഈ പ്രദേശത്തുകാരുടെ ഏക ആശ്രയം ജല അതോറിറ്റിയുടെ പൈപ്പുവെള്ളംമാത്രമാണ്.
പൈപ്പുവെള്ളം മുടങ്ങിയതോടെ പലരും ദൂരസ്ഥലങ്ങളിൽപ്പോയാണ് കുടിവെള്ളം ശേഖരിക്കുന്നത്. പ്രദേശത്തെ താമസക്കാരിൽ അധികവും കൂലിപ്പണിചെയ്ത് കുടുംബംപുലർത്തുന്നവരായതിനാൽ പണംകൊടുത്ത് കുടിവെള്ളംവാങ്ങാൻ ഇവർക്ക് സാധിക്കില്ല. ഡിവിഷൻ കൗൺസിലറും ഉപഭോക്താക്കളും പലതവണ ഓഫീസിൽ പരാതിപ്പെട്ടിട്ടും ഒരുനടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധമുയർന്നിട്ടുണ്ട്.





