
പേരാമ്പ്ര : പന്തിരിക്കര കെ.ടി. റോഡിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വിദ്യാർഥിക്ക് പരിക്കേറ്റു. ഡിഗ്രി രണ്ടാംവർഷ വിദ്യാർഥി പന്തിരിക്കര ചാലുപറമ്പിൽ സൈനുദ്ദീന്റെ മകൻ മുഹമ്മദ് സിനാനാണ് പരിക്കേറ്റത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണിനോടുചേർന്ന് ഗുരുതര പരിക്കേറ്റതിനാൽ പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. പന്തിരിക്കരയിൽനിന്ന് കെ.ടി. റോഡിലേക്ക് തിരിയുന്ന ഭാഗത്ത് സ്കൂട്ടറിൽ പോകുമ്പോൾ കാട്ടുപന്നി ഓടിയെത്തി സ്കൂട്ടർ കുത്തിമറിച്ചിടുകയായിരുന്നു.
രാവിലെ കോളേജിലേക്ക് പോകുന്ന വഴിയിലാണ് അപകടം. ചങ്ങരോത്ത് പഞ്ചായത്തിൽ ഈ ഭാഗത്ത് പന്നിശല്യം കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു. ആവടുക്ക വയൽ കുറ്റിക്കാട് നിറഞ്ഞുകിടക്കുകയാണ്. ഇവിടെയാണ് പന്നികളുടെ താവളം. പകൽസമയത്തുതന്നെ റോഡിൽ പന്നിയിറങ്ങുന്നതോടെ നടന്നുപോകാൻതന്നെ ഭയപ്പെടേണ്ട സ്ഥിതിയാണ്. ആവടുക്ക മദ്രസയിലെയും ആവടുക്ക എൽപി സ്കൂളിലെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും ഇത് ആശങ്കയിലാക്കുകയാണ്.





