റിഫയുടെ മൃതദേഹം ജീർണിച്ചിട്ടില്ല, മുഖമെല്ലാം വ്യക്തം.പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയാക്കി ഇന്ന് തന്നെ മറവുചെയ്യും

കോഴിക്കോട്: റിഫ മെഹ്നുവിന്റെ മൃതദേഹം ജീർണിച്ചിട്ടുണ്ടായിരുന്നില്ലെന്ന് മൃതദേഹം പുറത്തെടുത്ത അബ്ദുൾ അസീസ്. ജലാംശമല്ലൊം പോയി മൃതദേഹം ചുക്കിച്ചുളിഞ്ഞ നിലയിലായിരുന്നു. നല്ല രീതിയിൽ എംബാം ചെയ്തിരുന്നതിനാൽ കാര്യമായി അഴുകിയിരുന്നില്ല. മുഖമെല്ലാം മനസിലാക്കാൻ കഴിയുന്ന നിലയിലായിരുന്നു. ഒറ്റനോട്ടത്തിൽ മൃതദേഹത്തിൽ വലിയ പരിക്കുകളൊന്നും കാണാനില്ലെന്നും ഒളവണ്ണയിലെ മുൻ പഞ്ചായത്തംഗം കൂടിയായ അബ്ദുൾ അസീസ്.
സൗജന്യസേവനമായാണ് അബ്ദുൾ അസീസ് മൃതദേഹങ്ങൾ മറവുചെയ്യുന്നത്. ദുരൂഹമരണങ്ങളിലും അപകടമരണങ്ങളിലുമെല്ലാം പോലീസും അസീസിന്റെ സഹായം തേടാറുണ്ട്. ശനിയാഴ്ച പാവണ്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽനിന്ന് റിഫയുടെ മൃതദേഹം പുറത്തെടുത്തതോടെ താൻ കൈകാര്യം ചെയ്യുന്ന 3901-ാമത്തെ മൃതദേഹമാണിതെന്നും അസീസ് പറഞ്ഞു.’17-ാം വയസിൽ തുടങ്ങിയതാണിത്. ഇപ്പോൾ 57 വയസ്സായി.
അഞ്ച് ദിവസം മുമ്പാണ് ഇവിടെയൊരു മൃതദേഹം പുറത്തെടുക്കാനുണ്ട്, സഹായം വേണമെന്ന് അഷ്റഫ് സർ വിളിച്ച് പറഞ്ഞത്. തീർച്ചയായും വരാമെന്ന് പറഞ്ഞു. ഇതെല്ലാം സൗജന്യസേവനമാണ്. ആരെങ്കിലും നിർബന്ധിച്ച് പണം നൽകാൻ ശ്രമിച്ചാൽ അവരെക്കൊണ്ട് വീൽച്ചെയറോ വാട്ടർ ബെഡോ സംഭാവനയായി നൽകാനാണ് ആവശ്യപ്പെടാറുള്ളത്’- അസീസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പുറത്തെടുത്തത്. മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാൽ മെഡിക്കൽ കോളേജിൽവെച്ച് പോസ്റ്റുമോർട്ടം നടത്താൻ തീരുമാനിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം പൂർത്തിയാക്കി ശനിയാഴ്ച തന്നെ മൃതദേഹം മറവുചെയ്യും.





