
കോഴിക്കോട് : ഗോവിന്ദപുരം എരവത്തുകുന്നിൽ അടിക്കാടിന് തീപിടിച്ചു. തൊട്ടടുത്തുള്ള കേന്ദ്രീയവിദ്യാലയം (രണ്ട്) വളപ്പിന് സമീപംവരെ തീയെത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സംഭവം.
സ്കൂൾ അധികൃതർ അറിയിച്ചതിനെത്തുടർന്ന് മീഞ്ചന്ത സ്റ്റേഷൻ ഓഫീസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. ഏക്കറുകളോളം പരന്നുകിടക്കുന്ന പ്രദേശത്ത് കഴിഞ്ഞദിവസങ്ങളിലും തീപ്പിടിത്തമുണ്ടായിരുന്നു.
എരവത്തുകുന്ന് സ്മൃതിവനം പാർക്കിലും മാംഗോ പാർക്കിലുമെല്ലാം തീപ്പിടിത്തമുണ്ടായി. സമൂഹവിരുദ്ധർ പ്രദേശത്ത് സ്ഥിരമായി കയറാറുണ്ട്. കുന്നിനുമുകളിലേക്കുള്ള പ്രധാന ഗേറ്റ് വഴിയാണ് സ്കൂളിലേക്കും പോകുന്നത്. അതുകൊണ്ടുതന്നെ ഇത് എപ്പോഴും തുറന്നുകിടക്കും. ഇവിടെ സുരക്ഷാജീവനക്കാരനും ഇല്ല. സ്കൂളിന്റെ മറ്റൊരു ഗേറ്റിൽ മാത്രമാണ് സുരക്ഷയ്ക്ക് ആളുള്ളത്.
പോലീസിന്റെയും എക്സൈസിന്റെയുമെല്ലാം സഹായത്തോടെ എരവത്തുകുന്ന് സംരക്ഷണസമിതി പ്രവർത്തിക്കുന്നുണ്ട്. കൂടെക്കൂടെയുണ്ടാകുന്ന തീപ്പിടിത്തത്തിലും ഇവർ ആശങ്കയിലാണ്.
സുരക്ഷയുറപ്പാക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് നിവേദനം നൽകാൻ ഒരുങ്ങുകയാണെന്ന് സമിതി എക്സിക്യുട്ടീവ് അംഗം വി. വിജയൻ പറഞ്ഞു.





