Kozhikode

സ്കൂൾ തുറക്കുന്നു, ഫറോക്ക് പഴയ പാലവും; 3 ദിവസത്തേക്ക് പാലം വഴി ഗതാഗതം

Please complete the required fields.




ഫറോക്ക് : നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനു താൽക്കാലിക പരിഹാരമായി പഴയപാലം ഗതാഗതത്തിനു തുറന്നു. സ്കൂൾ തുറക്കുന്നതും ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതും പരിഗണിച്ചു 3 ദിവസത്തേക്കാണ് പാലം വഴി ഗതാഗതം അനുവദിക്കുക.നവീകരണ പ്രവൃത്തികൾക്കായി പാലത്തിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് പൈപ്പുകളും യന്ത്രങ്ങളും രാത്രി എട്ടിനു പൂർണമായും അഴിച്ചു മാറ്റിയാണ് ഗതാഗത സൗകര്യം ഒരുക്കിയത്. നിർമാണ ജോലിയുടെ സമയം ക്രമീകരിച്ചു പകൽ തിരക്കേറിയ സമയങ്ങളിൽ പാലം വഴി ഗതാഗതം സാധ്യമാകുമോ എന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്. നിർമാണ പ്രവൃത്തികൾക്കായി ശനിയാഴ്ച രാത്രി വീണ്ടും പൂർണമായും പാലം അടയ്ക്കും. പകൽ ഫറോക്ക് ഭാഗത്തേക്കു ചെറിയ വാഹനങ്ങൾ കടത്തി വിടുന്നതിനുള്ള സാധ്യതയും ആലോചിക്കുന്നുണ്ട്.

പുനരുദ്ധാരണ പ്രവൃത്തിക്കു പഴയപാലം അടച്ചതോടെ നഗരത്തിലും ദേശീയപാതയിലും ഗതാഗതക്കുരുക്ക് രൂക്ഷമായതു സംബന്ധിച്ചു ഇന്നലെ മലയാള മനോരമയിൽ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. രാവിലെ നഗരസഭ വികസന സെമിനാർ ഉദ്ഘാടനത്തിനെത്തിയ മന്ത്രി പി.എ.മുഹമ്മദ് റിയാസും കുരുക്കിലകപ്പെട്ടു. ഇതോടെ പരിഹാരം നിർദേശിച്ചു മന്ത്രിയുടെ ഇടപെടലുണ്ടായി. ഡപ്യൂട്ടി പൊലീസ് കമ്മിഷണർ ആമോസ് മാമ്മൻ, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എം.സി.കുഞ്ഞിമൊയ്തീൻ, അസിസ്റ്റന്റ് കമ്മിഷണർ പി.കെ.രാജു, പൊതുമരാമത്ത് ബ്രിജസ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ബെന്നി ജോൺ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എൻ.വി.ഷിനി, അസിസ്റ്റന്റ് എൻജിനീയർ വി.അമൽജിത്ത് എന്നിവരുടെ നേതൃത്വത്തിൽ നഗരത്തിൽ പരിശോധന നടത്തിയാണ് താൽക്കാലികമായി പാലം ഗതാഗതത്തിനു തുറക്കാൻ തീരുമാനിച്ചത്. 

വാഹനയാത്രക്കാരെ വലച്ച് ഇന്നലെ പകലും നഗരത്തിൽ ഏറെനേരം ഗതാഗതം താറുമാറായി. ഫറോക്കിലേക്കുള്ള വാഹനങ്ങൾ പുതിയ പാലം വഴി വരുന്നതിനാൽ ദേശീയപാതയിലും ഗതാഗതം സ്തംഭിച്ചു. തിരക്കേറിയ രാവിലെയും വൈകിട്ടുമാണ് വാഹനയോട്ടം തടസ്സപ്പെട്ടത്.വാഹനങ്ങൾ തലങ്ങും വിലങ്ങും ദേശീയപാതയിലേക്ക് പ്രവേശിച്ചത് പുതിയപാലം പരിസരത്തും ഗതാഗത തടസ്സം സൃഷ്ടിച്ചു. അത്യാവശ്യ കാര്യങ്ങൾക്ക് എത്തിയവരെല്ലാം ഏറെനേരം വഴിയിൽ കുടുങ്ങി. ഫറോക്കിൽ ഗതാഗത തടസ്സമുണ്ടായത് സ്റ്റാൻഡിൽ നിന്നുള്ള ബസ് സർവീസിനെയും ബാധിച്ചു.

Related Articles

Leave a Reply

Back to top button