Kozhikode

കക്കയം ഡാമിൽ ജലനിരപ്പ് താഴ്ന്നു

Please complete the required fields.




പേരാമ്പ്ര : വേനൽ കനത്തതോടെ കക്കയം ഡാം റിസർവോയറിൽ ജലനിരപ്പ് താഴ്ന്നുതുടങ്ങി. 34.51 ശതമാനം വെള്ളമാണ് ഡാം റിസർവോയറിലുള്ളത്. കെ.എസ്.ഇ.ബി.ക്ക് കീഴിലുള്ള കുറ്റ്യാടി ജലവൈദ്യുതപദ്ധതിക്കായി വെള്ളം സംഭരിക്കുന്ന ഡാമാണിത്. 33.98 ദശലക്ഷം ക്യുബിക് മീറ്റർ ജലസംഭരണശേഷിയുള്ള ഡാം റിസർവോയറിൽ 11.73 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ഇപ്പോഴുള്ളത്. 758.04 മീറ്റർ പരമാവധി ജലസംഭരണപരിധിയുള്ള ഡാമിൽ 10.27 മീറ്റർ താഴെയാണ് ജലനിരപ്പ്.

വൈദ്യുതോത്പാദനം സുഗമമായി നടക്കാനായി വയനാട് ജില്ലയിലെ ബാണാസുരസാഗർ ഡാമിൽനിന്ന്‌ ടണൽവഴി കക്കയത്തേക്ക് വെള്ളമെത്തിക്കുന്നുണ്ട്. 0.85 ദശലക്ഷം ഘനമീറ്റർ വെള്ളമാണ് ഇങ്ങനെ തുറന്നുവിടുന്നത്. കക്കയത്ത് വൈദ്യുതോത്പാദനശേഷി വർധിപ്പിക്കാനായി മുൻപ്‌ നിർമിച്ച ഡാംകൂടിയാണ് ബാണാസുര. ഇവിടെയും വെള്ളം പാടേ താഴ്ന്നുകഴിഞ്ഞു. 21.97 ശതമാനം വെള്ളംമാത്രമാണ് ഡാം റിസർവോയറിലുള്ളത്. 775.60 മീറ്റർ പരമാവധി ജലസംഭരണപരിധിയുള്ള ഡാമിൽ 15.7 മീറ്റർ താഴെയാണ് ജലനിരപ്പുള്ളത്.

കക്കയം പവർഹൗസിൽ അഞ്ച് മെഷീനുകളും പ്രവർത്തിക്കുന്നുണ്ട്. 1.9003 ദശലക്ഷം യൂണിറ്റാണ് കക്കയത്തെ കഴിഞ്ഞ ദിവസത്തെ പ്രതിദിന ഉത്പാദനം.രാത്രികാലത്ത് മാത്രമാണ് ഇപ്പോൾ വൈദ്യുതോത്പാദനം നടക്കുന്നത്. വൈകീട്ട് അഞ്ചുമണിയോടെ പ്രവർത്തനം തുടങ്ങി രാത്രി ഒരുമണിവരെയാണ് ഉത്‌പാദനമുള്ളത്. മേയ് മുഴുവൻ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം ഡാം റിസർവോയറിലുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.കുറ്റ്യാടി ജലസേചനപദ്ധതിക്ക് കീഴിലുള്ള പെരുവണ്ണാമൂഴി ഡാമിൽനിന്ന്‌ കനാലിലേക്ക് വെള്ളം തുറന്നുവിടുന്ന സമയമാണിപ്പോൾ. 56 ശതമാനം വെള്ളം പെരുവണ്ണാമൂഴി ഡാം റിസർവോയറിലുണ്ട്.

105.69 ദശലക്ഷം ക്യുബിക് മീറ്റർ പരമാവധി ജലസംഭരണശേഷിയുള്ള ഡാം റിസർവോയറിൽ 66.06 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണിപ്പോഴുള്ളത്. 42.7 മീറ്റർ പുനർനിശ്ചയിച്ച പരമാവധി ജലസംഭരണപരിധിയുള്ള ഡാമിൽ 38.28 മീറ്ററാണ് ജലനിരപ്പ്. പെരുവണ്ണാമൂഴി ഡാമിൽ വെള്ളം കുറഞ്ഞതിനാൽ ഇവിടെനിന്നുള്ള വെള്ളമുപയോഗിച്ച് പ്രവർത്തിക്കുന്ന പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതപദ്ധതിയുടെ പ്രവർത്തനം ജനുവരി പകുതിയോടെ നിർത്തിയിട്ടുമുണ്ട്.

Related Articles

Back to top button