
വടകര : യൂത്ത് ലീഗ് സംസ്ഥാനജനറൽസെക്രട്ടറി പി.കെ. ഫിറോസിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ വടകര ദേശീയപാത ഉപരോധം സംഘർഷത്തിൽ കലാശിച്ചു. ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കംചെയ്യാനുള്ള ശ്രമമാണ് സംഘർഷത്തിലെത്തിയത്.
നാലു യൂത്ത് ലീഗ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ദേശീയപാത ഉപരോധിച്ച സംഭവത്തിൽ 30 യൂത്ത് ലീഗ് പ്രവർത്തകരുടെപേരിൽ വടകര പോലീസ് കേസെടുത്തു. മുബാറക് മൻസിലിൽ യൂനുസ് (37), പുത്തൂർ പുത്തൻപുരയിൽ ഇമ്രാൻ (32), അഴിയൂർ സെനീഖർ (36), വടകര ബീച്ചിൽ രയരോത്ത് സിറാജ് (32) എന്നിവരെയാണ് വടകര പോലീസ് അറസ്റ്റ് ചെയ്തത്. ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് പോലീസ് കേസെടുത്തത്.
വടകര നാരായണനഗരം ദേശീയപാതയാണ് യൂത്ത് ലീഗ് പ്രവർത്തകർ ഉപരോധിച്ചത്. പ്രവർത്തകരും പോലീസും തമ്മിലുണ്ടായ ഉന്തുംതള്ളും ദേശീയപാതയിൽ ഏറെനേരം ഗതാഗതക്കുരുക്കിനിടയാക്കി. വടകര എസ്.ഐ. സജീഷിന്റെ നേതൃത്വത്തിൽ ദേശീയപാതയിൽനിന്ന് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കംചെയ്തതോടെയാണ് സംഘർഷത്തിന് അയവുവന്നത്.





