
താമരശ്ശേരി : കാവുംപുറത്തെ മാലിന്യസംസ്കരണപ്ലാന്റിലേക്കുവന്ന ജീപ്പിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. വാഹനത്തിൽ പിന്തുടർന്നെത്തിയവർ ജീപ്പിലുണ്ടായിരുന്നവരെ നടുറോഡിൽ കൈകാര്യംചെയ്തു. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവപരമ്പര. കൊട്ടാരക്കോത്ത് കാവുംപുറത്തെ നിർദിഷ്ട അറവുമാലിന്യ സംസ്കരണപ്ലാന്റുമായി ബന്ധപ്പെട്ട പ്രശ്നമാണ് അപകടങ്ങളിലും പിന്നീട് കൈയേറ്റത്തിലും വരെയെത്തിയത്.
കാവുംപുറം ജുമാമസ്ജിദിന് സമീപത്തുവെച്ച് ജീപ്പ് തട്ടി കാവുംപുറം സ്വദേശി ജംഷാദിനും (38), പഴയ ബസ് സ്റ്റാൻഡിന് സമീപമുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ കനറാബാങ്ക് താമരശ്ശേരി ശാഖാ മാനേജർ കെ.വി. ശ്രീകുമാറി (36)നുമാണ് പരിക്കേറ്റത്. ശ്രീകുമാറും കൈയേറ്റത്തിൽ പരിക്കേറ്റ ജീപ്പ് യാത്രികരായ സുരക്ഷാ ഏജൻസി നടത്തിപ്പുകാരൻ മുക്കം സ്വദേശി നിധീഷ് (37), മാനേജർ അമ്പലക്കണ്ടി സ്വദേശി മുഹമ്മദലി (37) എന്നിവരും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. നിധീഷും മുഹമ്മദലിയും പിന്നീട് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലും ചികിത്സതേടി.
പുതുപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെയും പ്രദേശവാസികളുടെയും എതിർപ്പ് അവഗണിച്ച് കാവുംപുറത്ത് ഭാരത് ഓർഗാനിക് ഫെർട്ടിലൈസേഷൻ യൂണിറ്റിന്റെ അറവുമാലിന്യ സംസ്കരണപ്ലാന്റ് ട്രയൽറൺ നടത്താനുള്ള ശ്രമത്തിനെതിരേ യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും നേതൃത്വത്തിൽ പ്ലാന്റ് പരിസരത്ത് സമരസമിതി വെള്ളിയാഴ്ച പ്രതിരോധം തീർത്തിരുന്നു. പ്രതിഷേധത്തെത്തുടർന്ന് ട്രയൽറൺ നടന്നില്ല.
പിന്നീട് ഉച്ചയോടെ പ്ലാന്റ് അധികൃതർ സുരക്ഷയ്ക്കുനിയോഗിച്ച സ്വകാര്യ സുരക്ഷാ ഏജൻസിയുടെ അഞ്ചോളം ആളുകൾ ജീപ്പിൽ പ്രദേശത്തേക്ക് എത്തുകയായിരുന്നു. ഇതറിഞ്ഞ് പ്രതിഷേധക്കാർ സംഘടിച്ചെത്തിയതോടെ ജീപ്പ് ഇടറോഡിലേക്ക് കയറി മലപുറം ഭാഗത്തേക്ക് അതിവേഗം തിരിച്ചുപോയി.
ഇതിനിടെയാണ് കാവുംപുറം പള്ളിയിൽനിന്ന് ജുമാ നിസ്കാരം കഴിഞ്ഞുവരുകയായിരുന്ന ജംഷാദിനും പിന്നീട് ബൈക്ക് യാത്രക്കാരനായ ശ്രീകുമാറിനും ജീപ്പിടിച്ച് പരിക്കേറ്റത്. പിന്തുടർന്നെത്തിയവർ ഡ്രൈവറെ പിടിച്ചുവലിച്ചതിനാലാണ് വാഹനം നിയന്ത്രണംവിട്ടതെന്ന് ജീപ്പിലുണ്ടായിരുന്നവർ അവകാശപ്പെട്ടു.





