
ഉത്തരാഖണ്ഡ്: ജോഷിമഠിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി വൈദീകൻ മരണമടഞ്ഞു. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയായ ഫാ. മെൽവിൻ പള്ളിത്താഴത്ത് (36) ആണ് വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത്.
ചക്കിട്ടപ്പാറ പള്ളിത്താഴത്ത് എബ്രഹാം – കാതറിൻ ദമ്പതികളുടെ മകനായ ഫാ. മെൽവിൻ ബിജ്‌നോർ രൂപതാ വൈദികനാണ്. ജോഷിമഠിൽ പ്രകൃതി ദുരന്തത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവർക്ക് ബിജ്‌നോർ ബിഷപ്‌സ് ഹൗസിൽ നിന്നുമുള്ള സഹായങ്ങളെത്തിച്ച് തിരികെ വരവേ അദ്ദേഹം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് പതിച്ചാണ് അപകടമുണ്ടായത്.
മഞ്ഞുവീഴ്ചമൂലം വാഹനം റോഡിൽ നിന്ന് തെന്നിമാറിയതാണ് അപകടകാരണം. പിന്നീട് സൈന്യം നടത്തിയ രക്ഷാപ്രവർത്തനത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
സംസ്കാര ശുശ്രൂഷകൾ ജനുവരി 23 തിങ്കളാഴ്ച ഉത്തരാഖണ്ഡിലെ കോട്ധ്വാറിൽ നടക്കും.
സഹോദരങ്ങൾ: ഷാൽവിൻ എബ്രഹാം, ഷാലെറ്റ് എബ്രഹാം.





