Kozhikode

വാദ്യകലയെ ഹൃദയത്തിലേറ്റിയ അഖിൽ ഇനി നോവോർമ്മ

Please complete the required fields.




വടകര : ഉത്സവപ്പറമ്പുകളിലും ഘോഷയാത്രകളിലും ശിങ്കാരിമേളം കൊട്ടി നാടിനെ ചുവടുവെപ്പിച്ച മുടപ്പിലാവിന്റെ അഖിൽ ഇനി നോവുന്ന ഓർമ്മ. മാഹി ബൈപ്പാസിൽ ബൈക്കിൽ ബസ്സിടിച്ചുണ്ടായ അപകടത്തിൽ മരിച്ച മുടപ്പിലാവിലെ മീത്തലെ വന്മേരി വീട്ടിൽ എം.വി. അഖിലിന് നാട് കണ്ണീരോടെ വിടനൽകി.

വടകര താലൂക്ക് എൻഎഫ്എസ്എ ചുമട്ടുതൊഴിലാളികൂടിയാണ് അഖിൽ. തൊഴിലിനൊപ്പം ചെണ്ടമേളത്തെയും നെഞ്ചിലേറ്റിയാണ് അഖിൽ നാടിന്റെ പ്രിയപ്പെട്ടവനാകുന്നത്. വടകര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ശിവതാണ്ഡവം ശിങ്കാരിമേളം ട്രൂപ്പിന്റെ ക്യാപ്റ്റനാണ് അഖിൽ. വളരെ ചെറിയപ്രായത്തിൽ ചെണ്ടമേളം പഠിച്ചു. ചെറിയരീതിയിൽ തുടങ്ങിയ ട്രൂപ്പിൽ ഇപ്പോൾ 16 അംഗങ്ങളുണ്ട്.

പരിസരപ്രദേശങ്ങളിലെ ക്ഷേത്രപരിപാടികളിലാണ് ശിങ്കാരി മേളവുമായി അഖിലും സംഘവും ആദ്യമെത്തിയത്. പിന്നീട് കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ തിറയുത്സവങ്ങളിലും കലാ-സാംസ്കാരിക പരിപാടികളിലും രാഷ്ടീയപ്പാർട്ടി ഘോഷയാത്രകളിലും സജീവ സാന്നിധ്യമായി. അയൽവീട്ടിലെ ഗൃഹപ്രവേശ പരിപാടികളിൽ ശനിയാഴ്ച രാത്രി 11 മണി വരെ സജീവമായിരുന്നു അഖിൽ. ശേഷം അവിടെനടന്ന ഡിജെ പാർട്ടിയിലെ ഡാൻസിലൊക്കെ പങ്കെടുത്ത് തലശ്ശേരിയിലുള്ള ട്രൂപ്പ് അംഗങ്ങൾക്ക് ബൈക്കിൽ ചെണ്ടയെത്തിച്ച് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്.
ഞായറാഴ്ച നടന്ന സംസ്കാരച്ചടങ്ങിൽ നാടിന്റെ നാനാഭാഗങ്ങളിൽനിന്ന്‌ ജനം അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. അച്ഛൻ: പരേതനായ മോഹനൻ. അമ്മ: രാധ. ഭാര്യ: ശ്യാമിലി. മകൻ: ആർധിക്. സഹോരങ്ങൾ: രമ്യ, ഷിഖിൽ.

Related Articles

Back to top button