
കോഴിക്കോട് : കോഴിക്കോട് നഗരമധ്യത്തിൽ നടന്ന കൊലപാതകക്കേസിൽ പ്രതിയെ നാലു ദിവസം കൊണ്ട് പൊലീസ് പിടികൂടി. എട്ടുമാസത്തിനിടെ നടത്തിയ രണ്ടാമത്തെ കൊലപാതകത്തിലാണ് പത്തൊന്‍പതുകാരന് പിടിവീണത്.
തമിഴ്നാട് അയൻകുറിഞ്ചിപ്പാടി, കടലൂർ പട്ടൈ സ്ട്രീറ്റ് സ്വദേശി അർജുൻ (19) ആണ് പിടിയിലായത്. ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി.ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺ പൊലീസ് ഇൻസ്പെക്ടർ ബൈജു.കെ.പൗലോസ് ൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പ്രതിയെ തമിഴ് നാട്ടിൽ വെച്ച് സാഹസികമായി പിടികൂടിയത്.
പ്രതിയെ ടൗൺ സബ് ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 11ാം തിയ്യതി രാത്രിയിലാണ് പശ്ചിമ ബംഗാൾ സ്വദേശി സാദിഖ് ഷെയ്ഖ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷന് കിഴക്കുഭാഗത്തുള്ള ഇടവഴിയിൽ ആളൊഴിഞ്ഞ വീടിനോട് ചേർന്ന് അടുക്കിവെച്ച ചെങ്കല്ലുകൾ ദേഹത്ത് വീണ നിലയിലാണ് മൃതദേഹം കിടന്നിരുന്നത്.
വിവരമറിഞ്ഞ് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ് ഐപിഎസിൻ്റെയും ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെയും നേതൃത്വത്തിൽ പൊലീസ് സംഘം പരിശോധന നടത്തിയിരുന്നു. മഴയിൽ കുതിർന്ന മൃതദേഹവും പരിസരവും ഇൻസ്പെക്ടർ ബൈജു.കെ.പൗലോസും സംഘവും വിശദമായി പരിശോധിച്ചെങ്കിലും കൊലപാതകം സംബന്ധിച്ച യാതൊരു തെളിവും ലഭിച്ചില്ല.
അതിഥി തൊഴിലാളിയായതുകൊണ്ട് ആർക്കും മൃതദേഹം തിരിച്ചറിയാനും സാധിച്ചില്ല. ഈ ഘട്ടത്തിലാണ് മരണപ്പെട്ടയാളുടെ കീശയിലുണ്ടായിരുന്ന ഫോൺ റിങ് ചെയ്തത്. കാൾ അറ്റൻഡ് ചെയ്ത് സംസാരിച്ചപ്പോഴാണ് മരണപ്പെട്ടത് പശ്ചിമ ബംഗാൾ വർദ്ധമാൻ സ്വദേശി സാദിഖ് ഷെയ്ഖ് ആണെന്നും ഇയാൾ പുഷ്പ ജംഗ്ഷന് സമീപം എംബ്രോയിഡറി ജോലി ചെയ്യുന്ന ആളാണെന്നും അവിടെ തന്നെയാണ് താമസമെന്നും പോലീസിന് മനസ്സിലായത്.





