നഗരത്തിലെ മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ടു പ്രതികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കും

കോഴിക്കോട് : സിന്തറ്റിക് മയക്കുമരുന്നു കടത്തുമായി ബന്ധപ്പെട്ടു പിടിയിലായ പ്രതികളുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുന്നു. ഇതിനായിപ്രതികളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങള്‍ അന്വേഷണസംഘം ഇന്നു ശേഖരിക്കും. വിദേശത്തു മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട് പൊതുമാപ്പില്‍ പുറത്തിറങ്ങിയിട്ടും 16 ലക്ഷം രൂപ വിലയുള്ള കാര്‍ വാങ്ങിയതില്‍ ദുരൂഹതയുണ്ടെന്നും ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് എളേറ്റില്‍ കൈതക്കല്‍ വീട്ടില്‍ നൗഫല്‍ (33), എളേറ്റില്‍ ഞേളികുന്നുമ്മല്‍ അന്‍വര്‍ തസ്നിം(30), കട്ടിപ്പാറ പുറംമ്പോളിയില്‍ മന്‍സൂര്‍ (35) എന്നിവരെ 44ഗ്രാം എംഡിഎംഎയുമായി ചേവായൂര്‍ പോലീസും സിറ്റി നാര്‍ക്കോട്ടിക്ക് സ്പെഷല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) സിറ്റി ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഇതില്‍ അന്‍വര്‍ കുവൈത്തില്‍ ഹെറോയിന്‍ കടത്തിയ കേസില്‍ 15 വര്‍ഷം ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ എട്ടു വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് എട്ടു മാസം മുമ്പ് കുവൈത്ത് സര്‍ക്കാരിന്റെ പൊതുമാപ്പില്‍ ജയില്‍ മോചിതനായി.
അന്‍വര്‍ തസ്നീമിന്റെ കൂടെ കുവൈത്ത് ജയിലില്‍ സമാനമായ കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയില്‍ നിന്നാണു ലഹരിമരുന്ന് വാങ്ങിയത്.
ഈ സാഹചര്യത്തില്‍ തമിഴ്നാട് സ്വദേശിയെ കുറിച്ചും അന്വേഷിച്ചുവരികയാണ്. പ്രതികള്‍ക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. ഗോവ,ബംഗളൂര്, ചെന്നൈ കേന്ദ്രീകരിച്ചാണ് മയക്കുമരുന്നുകള്‍ മൊത്തമായി വില്‍ക്കുന്നത്.
ഇവിടെ നിന്നു വാങ്ങി വിവിധ മാര്‍ഗങ്ങളില്‍ കോഴിക്കോടെത്തിക്കുകയും കൂടുതല്‍ വിലയ്ക്ക് വിറ്റഴിക്കുകയുമാണ് ഇവര്‍ ചെയ്യുന്നത്. കോഴിക്കോട് നഗരത്തിലെ ലോഡ്ജില്‍ മയക്കുമരുന്നുമായി പിടിയിലായ യുവതിയുള്‍പ്പെടെയുള്ള എട്ടുപേര്‍ക്ക് ഈ സംഘവുമായുള്ള ബന്ധത്തെ കുറിച്ചും പോലീസ് അന്വേഷിക്കും





