
വടകര : പുതിയ ബസ് സ്റ്റാൻഡ് പരിസരത്തെ പാദകേന്ദ്ര ചെരിപ്പുകട പ്രവർത്തിക്കുന്ന 3 നില കെട്ടിടത്തിലെ തീപിടിത്തം സംബന്ധിച്ച് ഫയർ ഫോഴ്സ് അന്വേഷിക്കും. മതിയായ സുരക്ഷാ സംവിധാനമില്ലാതെയാണു കെട്ടിടം പണിതതെന്ന പരാതിയെ തുടർന്നാണിത്. ഇതോടൊപ്പം നഗരത്തിലെ എല്ലാ കെട്ടിടങ്ങളിലും അഗ്നിശമന സൗകര്യം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഉണ്ടോ എന്ന പരിശോധന നടത്തും. ഇന്നലെ ഫയർ ഫോഴ്സ് സംഘം വീണ്ടും അന്വേഷണം നടത്തി.
നിർമാണ ചട്ട ലംഘനം നടന്നിട്ടുണ്ടോ എന്നും ഇവിടെ സ്ഥാപിച്ച അഗ്നിശമന സൗകര്യങ്ങൾ പ്രവർത്തനക്ഷമമായിരുന്നോ എന്നും ഫയർ ഫോഴ്സ് പരിശോധിച്ച് ഉടമയ്ക്ക് നോട്ടിസ് നൽകും. പോരായ്മകൾ പരിഹരിച്ച ശേഷമേ സ്ഥാപനം വീണ്ടും പ്രവർത്തിപ്പിക്കാൻ കഴിയൂ. ഇതിനിടെ ചൊവ്വാഴ്ച തീപിടിത്തമുണ്ടായ കെട്ടിടത്തിലെ ഗോവണി ഉൾപ്പെടെയുള്ള കാര്യങ്ങൾ നിർമാണ ചട്ടങ്ങൾ പാലിക്കാതെ പണിതതാണെന്ന് ആരോപണമുണ്ട്. സ്ഥാപനത്തിന് നേരത്തേ ഫയർ ഫോഴ്സ് നൽകിയ സർട്ടിഫിക്കറ്റ് പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
കത്തിയതു മൂന്നാം നില; ആറു ലക്ഷം രൂപയുടെ നഷ്ടം
വടകര ∙ പുതിയ ബസ് സ്റ്റാൻഡിന് സമീപം എടോടി റോഡിലെ പാദകേന്ദ്ര ചെരിപ്പ് കടയിൽ ഉണ്ടായ അഗ്നി ബാധയിൽ 6 ലക്ഷം രൂപയുടെ നഷ്ടം. മൂന്നു നിലയുള്ള കെട്ടിടത്തിലെ 370 സ്ക്വയർ ഫീറ്റ് ഭാഗം കത്തി നശിച്ചതായി കണ്ടെത്തി. തീ പടർന്ന മൂന്നാം നിലയിൽ സൂക്ഷിച്ചിരുന്ന ചെരിപ്പുകളും ബാഗുകളും പൂർണമായും കത്തിനശിച്ചു. ഒന്നും രണ്ടും നിലകളിൽ തീ പടരാതിരുന്നതു നഷ്ടത്തിന്റെ തോത് കുറച്ചു.
പുതുതായി എത്തിച്ച സ്റ്റോക്കുകൾ രണ്ടാം നിലയിലായിരുന്നു സൂക്ഷിച്ചിരുന്നത്. തീ പടർന്ന സമയം അവ എടുത്തു മാറ്റി. കത്തിയതിനു പുറമേ തീ കെടുത്താൻ വെള്ളം അടിച്ചപ്പോഴുണ്ടായ നാശവും ഉൾപ്പെടുത്തിയാണ് 6 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കിയത്. മൊത്തം 12 ലക്ഷം രൂപയുടെ സാധനങ്ങളാണ് കടയിൽ ഉണ്ടായിരുന്നത്. 20 ദിവസമായി അടച്ചിട്ട കട നവീകരണത്തിന് ശേഷം 30ന് തുറന്നു പ്രവർത്തിക്കാനിരിക്കെയാണ് അഗ്നിബാധ.
തലശ്ശേരി ചമ്പാട് സ്വദേശി ഖാലിദിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെരിപ്പു കടയും 3 നില കെട്ടിടവും. നഗരസഭ എൻജിനീയറിങ് വിഭാഗവും കെഎസ്ഇബി അധികൃതരും ഇന്നലെ കെട്ടിടത്തിൽ എത്തി പരിശോധന നടത്തി. അപകട കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. മൂന്നാം നിലയിൽ നിന്ന് തീ പടർന്നത് സംബന്ധിച്ചാണ് അന്വേഷിക്കുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് അഗ്നി ബാധയ്ക്ക് കാരണമെന്ന നിഗമനത്തിലാണ് അധികൃതർ. നഗരസഭ എൻജിനീയറിങ് വിഭാഗത്തിലെ ഓവർസീയർമാരായ കെ.ഹാരിസ്, പി.പ്രബിന, വി.കെ.ഷിൽന, രാഹുൽ ഗിത്ത് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.





